മുംബൈ: മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നിരപരാധികളെ കള്ളക്കേസുകളിൽ കുടുക്കുകയാണെന്ന് മന്ത്രി നവാബ് മാലിക്. ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയുമായി ഫഡ്‌നാവിസിന് ബന്ധമുണ്ടെന്നും, കള്ളനോട്ട് റാക്കറ്റിനെ സംരക്ഷിക്കുന്നയാളാണ് അദ്ദേഹമെന്നും മന്ത്രി ആരോപിച്ചു. നേരത്തെ നവാബ് മാലിക്കിനെതിരെ ഗുരുതര ആരോപണങ്ങളുമായി ദേവേന്ദ്ര ഫഡ്‌നാവിസ് രംഗത്തെത്തിയിരുന്നു.
നവാബ് മാലിക്കിന് അധോലോക ബന്ധമുണ്ടെന്നും ദാവൂദിന്റെ കൂട്ടാളിയുമായും, മുംബൈ സ്‌ഫോടനക്കേസ് പ്രതിയുമായും അദ്ദേഹം വസ്‌തു ഇടപാട് നടത്തിയിട്ടുണ്ടെന്നും ഫഡ്‌നാവിസ് ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഫഡ്‌നാവിസിന് മറുപടിയുമായി നവാബ് മാലിക്കും രംഗത്തെത്തിയത്. ഫഡ്‌നാവിസിന്റെ ബോംബിന് പകരം താനൊരു ഹൈഡ്രജൻ ബോംബ് വർഷിക്കുമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്‌തമാക്കിയിരുന്നു.
കുപ്രസിദ്ധ ക്രിമിനലായ മുന്ന യാദവിനെ ഫഡ്‌നാവിസ് സർക്കാരിന്റെ കാലത്താണ് കൺസ്ട്രക്ഷൻ വർക്കേഴ്‌സ് ബോർഡിന്റെ ചെയർമാനായി നിയമിച്ചത്. ബംഗ്ളാദേശികളെ അനധികൃതമായി ഇന്ത്യയിലെത്തിക്കുന്ന ഹൈദർ ആസാമിനെ മൗലാന ആസാദ് ഫിനാൻസ് കോർപ്പറേഷൻ ചെയർമാനായും നിയമിച്ചു. നിരപരാധികളെ കള്ളക്കേസിൽ കുടുക്കുന്നയാൾക്ക് എതിരെയാണ് തന്റെ പോരാട്ടം. എന്നാൽ ദേവേന്ദ്ര ഫഡ്‌നാവിസ് ഈ വിഷയത്തിൽനിന്ന് ശ്രദ്ധതിരിക്കുകയാണെന്ന് നവാബ് മാലിക് ആരോപിച്ചു.
Read Also: കുഞ്ഞിനെ രാജ്യത്തിന് പുറത്തേക്ക് കടത്തുമോയെന്ന് ആശങ്ക; അനുപമ വീണ്ടും പരാതി നൽകി