കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ 5 രൂപക്ക് പാവപ്പെട്ടവർക്ക് ഭക്ഷണം നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ച് മമത ബാനർജി. ‘മാ‘ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ ഒരുപാത്രം ചോറ്, പരിപ്പ്, പച്ചക്കറി വിഭവം, ഒരു മുട്ടക്കറി എന്നിവ 5 രൂപക്ക് ലഭിക്കും. ഒരു പ്ളേറ്റിന് 15 രൂപ സബ്സിഡി സംസ്ഥാന സർക്കാർ വഹിക്കുമെന്ന് മമത പറഞ്ഞു.
ഉച്ചക്ക് ഒരു മണി മുതൽ മൂന്ന് വരെയാകും ഇത്തരം അടുക്കളകൾ പ്രവർത്തിക്കുക. സ്വാശ്രയ സംഘങ്ങൾക്കാണ് ഈ അടുക്കളകളുടെ നടത്തിപ്പ് ചുമതല. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇത്തരം അടുക്കളകൾ സ്ഥാപിക്കും. തൃണമൂൽ കോൺഗ്രസിന്റെ മുദ്രാവാക്യമായ മാ, മാതി, മനുഷ് (അമ്മ, മണ്ണ്, ജനം) എന്നതിൽ നിന്നുമാണ് ‘മാ‘ പദ്ധതി രൂപീകരിച്ചിരിക്കുന്നത്.
സൗജന്യ റേഷനും സൗജന്യ ആരോഗ്യ പരിരക്ഷയും സൗജന്യ വിദ്യാഭ്യാസവും നൽകുന്ന ഏക സംസ്ഥാനം ബംഗാളാണെന്നും സംസ്ഥാനത്തെ 10 കോടി ജനങ്ങൾ സ്വാസ്ഥ്യ സാഥി കാർഡിന്റെ ഗുണഭോക്താക്കളാണെന്നും മമത ബാനർജി കൂട്ടിച്ചേർത്തു.
Read also: കുറ്റകൃത്യങ്ങൾ കുറഞ്ഞ സമൂഹം ലക്ഷ്യം; കേരളത്തിൽ പ്രൊബേഷന്‍ നയം നടപ്പാക്കും; ഇന്ത്യയിൽ ആദ്യം







































