ന്യൂഡെൽഹി: രാജ്യത്ത് സ്‌ത്രീകൾക്ക് നേരെ നടക്കുന്ന പീഡനം പോലുള്ള ഗൗരവ വിഷയങ്ങൾ സമഗ്രമായി പരിഹരിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. രാജ്യത്തുടനീളം പ്രതിദിനം 90 ബലാൽസംഗ കേസുകൾ നടക്കുന്നുവെന്നത് ഭയാനകമാണെന്ന് നരേന്ദ്രമോദിക്ക് അയച്ച കത്തിൽ മമത ചൂണ്ടിക്കാട്ടി.
ഈ മാസം ഒമ്പതിന് കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ പിജി ഡോക്‌ടറെ ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ശക്‌തമാകുന്നതിനിടെയാണ് മമതയുടെ കത്ത്. സംഭവത്തിൽ, ബംഗാൾ സർക്കാരിനും മുഖ്യമന്ത്രിക്കും എതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയർന്നിരുന്നു. ഡോക്‌ടർമാർ ഉൾപ്പടെയുള്ള ആരോഗ്യ പ്രവർത്തകർ പ്രതിഷേധത്തിലുമാണ്.
പീഡനക്കേസുകളിൽ നീതി ഉറപ്പാക്കാൻ കർശനമായ കേന്ദ്ര നിയമനിർമാണവും അതിവേഗ കോടതികൾ ആവശ്യമാണെന്നും മമത കത്തിലൂടെ ആവശ്യപ്പെട്ടു. ”ബലാൽസംഗത്തിന് ശേഷം ഇരകളെ കൊലപ്പെടുത്തുന്ന കേസുകളുടെ എണ്ണത്തിൽ വർധനവുണ്ട്. ഏകദേശം 90 ബലാൽസംഗ കേസുകളാണ് ദിവസവും രാജ്യത്ത് റിപ്പോർട് ചെയ്യുന്നത്. ഇത് ഭയാനകമാണ്. സമൂഹത്തിന്റെയും രാജ്യത്തിന്റെയും ആൽമവിശ്വാസത്തെ ഉലയ്‌ക്കുന്നതാണിത്. ഈ സാഹചര്യം അവസാനിപ്പിക്കാനും സുരക്ഷിതരാണെന്ന് സ്‌ത്രീകൾക്ക് തോന്നിക്കാനും നമുക്കെല്ലാവർക്കും കടമയുണ്ട്”- പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ മമത ചൂണ്ടിക്കാട്ടി.
അതിനിടെ, ഡോക്‌ടർ കൊല്ലപ്പെട്ട സംഭവത്തിലെ ഹരജികളിൽ വാദം കേൾക്കവേ ബംഗാൾ സർക്കാരിനെതിരെ സുപ്രീം കോടതി ഇന്ന് രൂക്ഷവിമർശനം നടത്തിയിരുന്നു. കൊലപാതകത്തെ അസ്വാഭാവിക മരണമായി രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം ആരംഭിക്കാൻ വൈകിയതിനെയാണ് കോടതി വിമർശിച്ചത്.
പോസ്‌റ്റുമോർട്ടത്തിന് ശേഷം മാത്രമാണ് അസ്വാഭാവിക മരണമെന്ന് സ്‌ഥിരീകരിച്ചത്. മരണം അസ്വാഭാവികം അല്ലായിരുന്നെങ്കിൽ പിന്നെ എന്തിനാണ് മൃതദേഹം പോസ്‌റ്റുമോർട്ടത്തിന് അയച്ചതെന്നും കോടതി ചോദിച്ചു. പോസ്‌റ്റുമോർട്ടത്തിന് ശേഷം അസ്വാഭാവിക മരണമെന്ന് രജിസ്‌റ്റർ ചെയ്‌തത് അൽഭുതപ്പെടുത്തുന്നുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
Most Read| ഏറ്റവും ഉയരം കുറവ്; ലോക റെക്കോർഡ് നേടി ബ്രസീലിയൻ ദമ്പതികൾ