ബാലുശ്ശേരി: കോഴിക്കോട് ഉണ്ണികുളത്ത് ആറ് വയസുകാരി നേപ്പാളി ബാലികയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. ഉണ്ണികുളം നെല്ലിപറമ്പിൽ രതീഷിനെയാണ് (32) ബാലുശ്ശേരി പോലീസ് വെള്ളിയാഴ്‌ച അറസ്‌റ്റ് ചെയ്‌തത്. നേപ്പാൾ സ്വദേശികളായ ക്വാറി തൊഴിലാളികളുടെ കുട്ടിയെയാണ് ഇയാൾ പീഡനത്തിനിരയാക്കിയത്. ബുധനാഴ്‌ച രാത്രിയായിരുന്നു സംഭവം.
രതീഷ് സ്‌ഥിരം ഒളിഞ്ഞ് നോട്ടക്കാരനാണെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ വീട്ടിലെത്തിയപ്പോൾ മുതിർന്നവരാരും അവിടെ ഉണ്ടായിരുന്നില്ല. തുടർന്ന് ഇയാൾ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്ന് പോലീസ് വ്യക്‌തമാക്കി.
സംഭവ ദിവസം കുട്ടിയുടെ അച്ഛനുമായുണ്ടായ വാക്കുതർക്കത്തെ തുടർന്ന് അമ്മ നേപ്പാൾ സ്വദേശികൾ താമസിക്കുന്ന മറ്റൊരു വീട്ടിലേക്ക് പോയി. രാത്രി പെൺകുട്ടിയുടെ അച്ഛൻ ഇവരെ അന്വേഷിച്ച് പോയ സമയത്താണ് രതീഷ് അവിടെയെത്തി കുട്ടിയെ പീഡനത്തിനിരയാക്കിയത്. ഈ സമയത്ത് രണ്ടും നാലും വയസുള്ള സഹോദരങ്ങൾ മാത്രമാണ് കുട്ടിയോടൊപ്പം വീട്ടിലുണ്ടായിരുന്നത്.
രാത്രി 11 മണിയോടെ അച്ഛൻ തിരിച്ചെത്തിയപ്പോഴാണ് രക്‌തം വാർന്ന് അവശനിലയിൽ കുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടിയുടെ നില അതീവ ഗുരുതരാവസ്‌ഥയിൽ ആയിരുന്നു. തുടർന്ന് നാട്ടുകാരെ വിവരമറിയിക്കുകയും കുട്ടിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
സംഭവത്തിൽ വടകര റൂറൽ എസ്‌പി എ ശ്രീനിവാസന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. ബാലുശ്ശേരി സിഐ ജീവൻ ജോർജ്, എസ്‌ഐമാരായ പ്രജീഷ്, മധു മൂത്തേടത്ത്, രാജീവ് ബാബു, സിവിൽ പോലീസ് ഓഫീസർമാരായ സുരേഷ് ബാബു, പൃഥ്വിരാജ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Also Read: ക്രൂര പീഡനത്തിനിരയായ ആറുവയസുകാരി ഗുരുതരാവസ്‌ഥയിൽ