മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യയെയും ആറ് വയസുള്ള മകനെയും വെട്ടി പരിക്കേല്‍പ്പിച്ച ഭര്‍ത്താവ് പിടിയിൽ. ചെനക്കലങ്ങാടി ആയുര്‍വേദ ആശുപത്രിക്ക് സമീപം വാടക വീട്ടില്‍ താമസിക്കുന്ന വള്ളിക്കുന്ന് കൊടക്കാട് കൂട്ടുമൂച്ചി സ്വദേശി പാറോല്‍ പ്രിയേഷിനെ (43)യാണ് തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തത്.
ഇവര്‍ താമസിക്കുന്ന തേഞ്ഞിപ്പലം മാതാപ്പുഴ കൊളത്തോട് വാടക വീട്ടില്‍ ഇന്നലെ പുലര്‍ച്ചെ 1.30ന് ശേഷമാണ് സംഭവം. പെരുവള്ളൂര്‍ കൂമണ്ണ പറച്ചിനപ്പുറയ പരേതനായ എടപ്പരുത്തി രാമന്‍കുട്ടിയുടെ മകള്‍ സിന്ധു (40), മകന് അഭിരാം (6) എന്നിവരെയാണ് വെട്ടി പരിക്കേല്‍പ്പിച്ചത്.
ഉറങ്ങിക്കിടക്കുകയായിരുന്ന സിന്ധുവിനെ ദേഹമാസകലം വെട്ടുകയായിരുന്നു. സിന്ധുവിന് അരികിൽ കിടന്ന മകന് അഭിരാമിനെയും വെട്ടി പരിക്കേല്‍പ്പിച്ചു. പരിക്കേറ്റ അഭിരാം ഓടി പുറത്തിറങ്ങി അയല്‍വാസികളോട് വിവരം പറയുകയായിരുന്നു.
അയൽവാസികളാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്. കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ പ്രിയേഷിനെ കോടതിയില്‍ ഹാജരാക്കി.
Malabar News: കോഴിക്കോട് ജില്ലയിൽ വാക്സിനേഷൻ യജ്ഞത്തിൽ പങ്കാളികളായി 7264 ഭിന്നശേഷിക്കാർ






































