കോട്ടയം: കെഎം മാണി അഴിമതിക്കാരനാണെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ വാദത്തിനെതിരെ കേരളാ കോണ്‍ഗ്രസ് എം. മാണിയെക്കുറിച്ച് അഭിഭാഷകൻ കോടതിയില്‍ പറഞ്ഞത് തെറ്റായ കാര്യങ്ങളാണെന്ന് കേരളാ കോണ്‍ഗ്രസ് എം. അറിയിച്ചു. വിജിലന്‍സ് കോടതിയും ഹൈക്കോടതിയും മാണിയെ കുറ്റവിമുക്തൻ ആക്കിയിരുന്നു എന്നും അഭിഭാഷകനോട് അടിയന്തരമായി സര്‍ക്കാര്‍ വിശദീകരണം തേടണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു.
നിയമസഭാ കയ്യാങ്കളി കേസ് പരിഗണിക്കവേ സര്‍ക്കാരിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് രഞ്ജിത് കുമാര്‍, മാണി അഴിമതിക്കാരനാണെന്ന് പറഞ്ഞിരുന്നു. ഒരു അഴിമതിക്കാരന് എതിരെയാണ് എംഎൽഎമാർ പ്രതിഷേധിച്ചത് എന്നായിരുന്നു അഭിഭാഷകന്റെ വാദം.
അതേസമയം നിയമസഭാ കയ്യാങ്കളി കേസ് തീർപ്പാക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹരജി പരിഗണിച്ച സുപ്രീം കോടതി എംഎൽഎമാരുടെ പ്രവൃത്തിയിൽ രൂക്ഷ വിമർശനം ഉന്നയിച്ചു. കൂടാതെ കേസ് പിൻവലിക്കാൻ സംസ്ഥാന സർക്കാരിന് കഴിയില്ലെന്നും കോടതി വ്യക്തമാക്കി. പ്രതികൾ വിചാരണ നേരിടണമെന്ന കേരള ഹൈക്കോടതിയുടെ വിധിക്കെതിരെ സംസ്ഥാന സർക്കാരും 6 എംഎൽഎമാരും സമർപ്പിച്ച ഹരജികൾ ഒന്നിച്ചാണ് ഇന്ന് കോടതി പരിഗണിച്ചത്. കൂടാതെ കേസിൽ ഈ മാസം 15ആം തീയതി വിശദമായ വാദം കേൾക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
Read also: നിയമസഭാ കയ്യാങ്കളി കേസ്; പിൻവലിക്കാൻ സർക്കാരിനാകില്ല, രൂക്ഷ വിമർശനവുമായി സുപ്രീം കോടതി






































