വയനാട്: ചൂതുംപാറ മാനിക്കാവ് വിക്രംനഗറിൽ വയോധികൻ മരിച്ചത് പട്ടികകൊണ്ട് തലയ്ക്ക് അടിയേറ്റെന്ന് പോലീസ്. മാനികാവ് വിക്രംനഗർ ഒഴാങ്കൽ ദാമോദരൻ (82) ആണ് മരിച്ചത്. തലയ്ക്ക് അടിയേറ്റ് രക്തം വാർന്നാണ് ഇദ്ദേഹം മരിച്ചതെന്നാണ് പോലീസിന്റെ നിഗമനം. ബുധനാഴ്ച സമീപത്തെ വീടിനോട് ചേർന്ന് ഷെഡിൽ തലയ്ക്ക് മുറിവേറ്റ നിലയിലാണ് ദാമോദരനെ കണ്ടെത്തിയത്.
ഭാര്യ ലക്ഷ്മിക്കുട്ടി തനിക്ക് മർദ്ദനമേറ്റുവെന്ന് മീനങ്ങാടി പോലീസിൽ വിളിച്ചറിയിച്ചിരുന്നു. ഇതോടെയാണ് നാട്ടുകാരും ബന്ധുക്കളും വിവരം അറിയുന്നത്. തലയ്ക്കും കൈക്കും പരിക്കേറ്റ ഇവരെ പോലീസ് എത്തി ബത്തേരി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇതിനിടെ സംശയം തോന്നിയ നാട്ടുകാർ തിരച്ചിൽ നടത്തിയപ്പോഴാണ് ദാമോദരന്റെ മൃതദേഹം കണ്ടെത്തിയത്. ഏതാനും വർഷമായി ഭാര്യയുമായി പിണങ്ങി കാസർഗോഡും മകനോടൊപ്പവും താമസിച്ച് വരികയായിരുന്ന ദാമോദരൻ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് വീട്ടിലെത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്.
ഇവരുടെ ഒരു മകൾ അസുഖം ബാധിച്ച് മരിച്ചിരുന്നു. മരണത്തിന് പിന്നിൽ ദാമോദരനാണെന്ന് പറഞ്ഞ് ഭാര്യ ഇയാളുമായി വഴക്കിടാറുണ്ടായിരുന്നു. അതിനാൽ ബുധനാഴ്ച ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കമാകാം സംഘർഷത്തിലും പിന്നീട് കൊലപാതകത്തിലും കലാശിച്ചതെന്ന് മീനങ്ങാടി പോലീസ് പറഞ്ഞു. ലക്ഷ്മിക്കുട്ടി ബത്തേരി താലൂക്ക് ആശുപത്രിയിൽ പോലീസ് നിരീക്ഷണത്തിലാണ്.
Most Read: സഞ്ജിത്ത് വധക്കേസ്; ആയുധങ്ങൾ തയ്യാറാക്കി നൽകിയ പ്രതി പിടിയിൽ






































