കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നതിനെതിരെ ദിലീപ് നൽകിയ സത്യവാങ്മൂലത്തെ എതിർത്ത് സംസ്ഥാനം സുപ്രീം കോടതിയിൽ. കേസിൽ ദിലീപിന്റെ പങ്ക് തെളിയിക്കാൻ മഞ്ജു വാര്യർ ഉൾപ്പടെ നാലുപേരെ വീണ്ടും വിസ്തരിക്കുന്നത് അത്യാവശ്യമാണെന്നാണ് സംസ്ഥാനം സുപ്രീം കോടതിയെ അറിയിച്ചത്.
തെളിവുകൾ ഹാജരാക്കുന്നത് തടയാൻ ദിലീപ് ശ്രമിക്കുന്നു. വിചാരണ നീട്ടാനെന്ന ദിലീപിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്നും സർക്കാർ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ അറിയിച്ചു. കുറ്റമറ്റ രീതിയിൽ വിചാരണയ്ക്കായുള്ള ശ്രമങ്ങളാണ് പ്രോസിക്യൂഷൻ നടത്തുന്നത്. വീണ്ടും വിസ്താരത്തിന് വിളിച്ച ഏഴ് സാക്ഷികളിൽ മഞ്ജു വാര്യർ ഉൾപ്പടെ നാലുപേരുടെ വിസ്താരം മാത്രമാണ് ബാക്കിയുള്ളതെന്നും സർക്കാർ അറിയിച്ചു.
വിചാരണ വേഗത്തിൽ നടത്തണമെന്ന ദിലീപിന്റെ ആവശ്യം രക്ഷപ്പെടുമെന്ന മിഥ്യാ ധാരണയിലാണ്. പ്രതികൾ തെളിവുകൾ നശിപ്പിച്ചത് തെളിയിക്കാനുള്ള അവകാശം പ്രോസിക്യൂഷനുണ്ട്. ബാലചന്ദ്രകുമാറിന്റെ വിസ്താരം നീട്ടിക്കൊണ്ടുപോയത് പ്രതിഭാഗം ആണെന്നും, പ്രതിഭാഗം വിസ്താരം നീട്ടിയില്ലെങ്കിൽ 30 ദിവസത്തിനകം വിചാരണ പൂർത്തിയാക്കാനാകുമെന്നും സംസ്ഥാനം സുപ്രീം കോടതിയെ അറിയിച്ചു.
അതിനിടെ, വിചാരണ തീർക്കാൻ ആറ് മാസം കൂടി സാവകാശം വേണമെന്ന് വിചാരണക്കോടതി ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നതിൽ എതിർപ്പ് അറിയിച്ചുള്ള സത്യവാങ്മൂലം കഴിഞ്ഞ ദിവസമാണ് ദിലീപ് സുപ്രീം കോടതിയിൽ സമർപ്പിച്ചത്. തെളിവുകൾ ഇല്ലാത്തതിനാൽ വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് ശ്രമമെന്നും, വിസ്താരത്തിന് പ്രോസിക്യൂഷൻ നിരത്തുന്ന കാരണങ്ങൾ വ്യാജമാണെന്നും ആരോപിച്ചാണ് ദിലീപ് സുപ്രീം കോടതിയിൽ പുതിയ സത്യവാങ്മൂലം സമർപ്പിച്ചത്.
24 പേജുള്ള സത്യവാങ്മൂലമാണ് ദിലീപ് കോടതിയിൽ സമർപ്പിച്ചത്. തെളിവുകളുടെ വിടവ് നികത്താനാണ് മഞ്ജുവിനെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെടുന്നത്. ഭാര്യ കാവ്യാ മാധവന്റെ അച്ഛനെയും അമ്മയെയും വീണ്ടും വിസ്തരിക്കുന്നത് വിചാരണ നീട്ടി കൊണ്ടുപോകാനാണെന്നും കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ദിലീപ് ആരോപിക്കുന്നു. സമയ ബന്ധിതമായി വിചാരണ പൂർത്തിയായില്ലെങ്കിൽ വ്യക്തിപരമായി വലിയ നഷ്ടങ്ങൾക്ക് ഇരയാകുമെന്നും ദിലീപ് അറിയിച്ചു.
Most Read: ‘ഉല്ലാസയാത്ര പോയത് ഔദ്യോഗികമായി അവധി എടുത്തവർ’; അന്വേഷണ റിപ്പോർട്