‘ഉല്ലാസയാത്ര പോയത് ഔദ്യോഗികമായി അവധി എടുത്തവർ’; അന്വേഷണ റിപ്പോർട്

കോന്നിയിലെ വിവാദ പശ്‌ചാത്തലത്തിൽ, റവന്യൂ ഓഫിസുകളിൽ ജീവനക്കാർക്ക് അവധി നൽകുന്നതിൽ മാർഗരേഖ തയ്യാറാക്കും.

By Trainee Reporter, Malabar News
konni taluk office
Ajwa Travels

പത്തനംതിട്ട: ഉല്ലാസ യാത്ര പോയ ജീവനക്കാർ ഔദ്യോഗികമായി അവധി എടുത്തവരാണെന്ന് അന്വേഷണ റിപ്പോർട്. കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ കൂട്ട അവധി എടുത്ത് ഉല്ലാസയാത്ര പോയ സംഭവത്തിൽ പത്തനംതിട്ട ജില്ലാ കളക്‌ടർ റിപ്പോർട് സമർപ്പിച്ചു. ലാൻഡ് റവന്യൂ കമ്മീഷണർക്കാണ് റിപ്പോർട് സമർപ്പിച്ചത്. റിപ്പോർട്ടിൻമേൽ നടപടി എടുക്കേണ്ടത് ലാൻഡ് റവന്യൂ കമ്മീഷണറാണ്.

ഉല്ലാസ യാത്ര പോയ ജീവനക്കാർ ഔദ്യോഗികമായി അവധി എടുത്തവരാണെന്നാണ് കളക്‌ടറുടെ റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നത്‌. എന്നാൽ, ഉദ്യോഗസ്‌ഥരുടെ കൂട്ട അവധി ഓഫിസിൽ എത്തിയ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. അതേസമയം, കോന്നിയിലെ കൂട്ട അവധി വിവാദത്തിന്റെ പശ്‌ചാത്തലത്തിൽ, റവന്യൂ ഓഫിസുകളിൽ ജീവനക്കാർക്ക് അവധി നൽകുന്നതിൽ മാർഗരേഖ തയ്യാറാക്കാൻ നീക്കമുണ്ട്.

ഇന്ന് ചേരുന്ന റവന്യൂ സെക്രട്ടറിയേറ്റ് യോഗം ഇക്കാര്യം ചർച്ച ചെയ്യും. ജനങ്ങൾ നേരിട്ട് ബന്ധപ്പെടുന്ന വകുപ്പായത് കൊണ്ട് ജീവനക്കാരിൽ എത്ര ശതമാനം പേർക്ക് ഒരു ദിവസം അവധി നൽകാമെന്നതിൽ പൊതു മാനദണ്ഡം ഉണ്ടാക്കാനാണ് സാധ്യത. കോന്നി താലൂക്ക് ഓഫീസിൽ ആകെയുള്ള 63 ജീവനക്കാരിൽ 21 ജീവനക്കാർ മാത്രമാണ് കഴിഞ്ഞ വെള്ളിയാഴ്‌ച ഓഫീസിലെത്തിയത്. 20 പേർ അവധി അപേക്ഷ പോലും നൽകിയിട്ടില്ലെന്നും വ്യക്‌തമായിരുന്നു.

സംഭവം അറിഞ്ഞു സ്‌ഥലത്തെത്തിയ കോന്നി എംഎൽഎ ജനീഷ് കുമാർ തഹസിൽദാറെ ഫോൺ വിളിച്ചു ക്ഷുഭിതനായതോടെയാണ് വിഷയം കൂടുതൽ ചർച്ചയായത്. ജീവനക്കാരുടെ കൂട്ട അവധിയിൽ ഇടപെട്ട എംഎൽഎയും ഉദ്യോഗസ്‌ഥരും തമ്മിൽ വാക്‌പോരും പിന്നീടുണ്ടായി. എംഎൽഎ ജനീഷ് കുമാറിന്റെ ഇടപെടൽ മുൻകൂട്ടി തയ്യാറാക്കിയ നാടകമാണെന്ന വിമർശനവുമായി ഡെപ്യൂട്ടി തഹസിൽദാർ എംസി രാജേഷ് രംഗത്തെത്തിയതോടെയാണ് പോര് കടുത്തത്.

താലൂക്ക് ഓഫിസിലെ ഹെഡ് ക്വാർട്ടേഴ്‌സ് ഡെപ്യൂട്ടി തഹസിൽദാർ എംസി രാജേഷ് ഔദ്യോഗിക വാട്‍സ് ആപ് ഗ്രൂപ്പിലാണ് എംഎൽഎ ജനീഷ് കുമാറിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് അയ്യാ തഹസിൽദാരുടെ കസേരയിൽ ഇരിക്കാനും രജിസ്‌റ്റർ പരിശോധിക്കാനും എംഎൽഎക്ക് എന്ത് അധികാരമെന്നാണ് ഉദ്യോഗസ്‌ഥരുടെ ചോദ്യം. എന്നാൽ, ഡെപ്യൂട്ടി തഹസിൽദാരുടെത് പെരുമാറ്റച്ചട്ട ലംഘനമാണെന്നായിരുന്നു ജനീഷ് കുമാറിന്റെ മറുപടി.

Most Read: ബിബിസി റെയ്‌ഡ്‌ മൂന്നാം ദിവസത്തിലേക്ക്; ഡെൽഹി ഓഫിസിന് സുരക്ഷ കൂട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE