കൂട്ട അവധി എടുത്ത് ഉല്ലാസയാത്ര; സംഘം തിരിച്ചെത്തി- സ്‌പോൺസർ ടൂർ അല്ലെന്ന് മാനേജർ

ജീവനക്കാരുടെ അനധികൃത വിനോദയാത്രയെ കുറിച്ചുള്ള അന്വേഷണ റിപ്പോർട് അടുത്ത ദിവസം തന്നെ സർക്കാരിലേക്ക് സമർപ്പിക്കുമെന്ന് പത്തനംതിട്ട ജില്ലാ കളക്‌ടർ ദിവ്യ എസ് അയ്യർ വ്യക്‌തമാക്കി.

By Trainee Reporter, Malabar News
Taking group vacations and excursions
Ajwa Travels

പത്തനംതിട്ട: കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ കൂട്ട അവധി എടുത്ത് ഉല്ലാസയാത്ര പോയ സംഭവത്തിൽ പത്തനംതിട്ട ജില്ലാ കളക്‌ടറുടെ അന്വേഷണം അന്തിമഘട്ടത്തിൽ. താലൂക്ക് ഓഫീസിലെ ഹാജർ രേഖകളും എഡിഎം പരിശോധിച്ചു. ജീവനക്കാരുടെ അനധികൃത വിനോദയാത്രയെ കുറിച്ചുള്ള അന്വേഷണ റിപ്പോർട് അടുത്ത ദിവസം തന്നെ സർക്കാരിലേക്ക് സമർപ്പിക്കുമെന്നാണ് പത്തനംതിട്ട ജില്ലാ കളക്‌ടർ ദിവ്യ എസ് അയ്യർ വ്യക്‌തമാക്കുന്നത്‌.

അതേസമയം, ഉല്ലാസയാത്ര പോയ സംഭവം സ്‌പോൺസർ ടൂർ ആണെന്ന ആരോപണം തള്ളി ട്രാവൽസ് മാനേജർ രംഗത്തെത്തിയിട്ടുണ്ട്. യാത്രയുടെ പണം വാങ്ങിയാണ് ബസ് പോയതെന്ന് മാനേജർ ശ്യാം പറഞ്ഞു. ട്രാവൽസിലെ ഡ്രൈവർ മുഖേനയാണ് ജീവനക്കാർ ബസ് ബുക്ക് ചെയ്‌തതെന്നും മാനേജർ വ്യക്‌തമാക്കി. അതിനിടെ, വിനോദയാത്ര പോയ താലൂക്ക് ഓഫീസ് ജീവനക്കാർ തിരിച്ചെത്തി. യാത്ര വിവാദമായ പശ്‌ചാത്തലത്തിൽ ജീവനക്കാർ ഓഫീസ് പരിസരത്ത് വരാതെയാണ് ഇന്ന് പുലർച്ചെ വീടുകളിലേക്ക് മടങ്ങിയത്.

താലൂക്ക് ഓഫീസിന് മുന്നിൽ വെച്ചിരുന്ന വാഹനങ്ങൾ എടുക്കാൻ പോലും ഉദ്യോഗസ്‌ഥർ എത്തിയില്ല. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് രണ്ടു ദിവസത്തെ യാത്ര പൂർത്തിയാക്കി ജീവനക്കാർ തിരിച്ചെത്തിയത്. യാത്ര പോയ ബസിൽ തന്നെ മുഴുവൻ ജീവനക്കാരെയും വീടുകളിൽ എത്തിക്കുക ആയിരുന്നു. അതേസമയം, ഉദ്യോഗസ്‌ഥരുടെ അസാന്നിധ്യത്തിൽ ബുദ്ധിമുട്ടിലായ ജനങ്ങളോട് ഖേദം പ്രകടിപ്പിച്ച മന്ത്രി കെ രാജനെ കോന്നി എംഎൽഎ ജനീഷ് കുമാർ പ്രശംസിച്ചു.

എന്നാൽ, എഡിഎമ്മിനെ എംഎൽഎ രൂക്ഷമായി വിമർശിച്ചിരുന്നു. എഡിഎം ജീവനക്കാരെ സംരക്ഷിക്കുകയാണ്. എഡിഎമ്മിനെതിരെ മുഖ്യമന്ത്രിക്കും സ്‌പീക്കർക്കും പരാതി നൽകും. ഒരു ഓഫീസിലെ രേഖകൾ പരിശോധിക്കാൻ എംഎൽഎക്ക് സാധിക്കും. അതിനാലാണ് താൻ ആവശ്യപ്പെട്ടപ്പോൾ രേഖകൾ നൽകിയത്. എഡിഎമ്മിനെതിരെ അവകാശ ലംഘനത്തിനുള്ള പരാതി നൽകുമെന്ന കാര്യത്തിൽ ഉറച്ചു നിൽക്കുകയാണെന്നും എംഎൽഎ ജനീഷ് കുമാർ പറഞ്ഞു.

സംഭവത്തെ തുടർന്ന് ഇന്നലെ ഓഫീസിൽ എത്തിയ എംഎൽഎ ഹാജർ രജിസ്‌റ്റർ പരിശോധിച്ചിരുന്നു. തുടർന്ന് ഓഫീസിൽ ഉണ്ടായിരുന്ന ഉദ്യോഗസ്‌ഥരോട് ഒപ്പിടാത്തവരുടെ പേരിന് നേരെ ചുവന്ന മഷി കൊണ്ട് ലീവ് രേഖപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, സംഭവം വിവാദമാവുകയും പിന്നാലെ എഡിഎമ്മിനെ പ്രാഥമിക അന്വേഷണത്തിന് ചുമതലപ്പെടുത്തുകയുമായിരുന്നു. തുടർന്ന്, എഡിഎം ഇന്നലെ എത്തി ഹാജർ ബുക്ക് പരിശോധിക്കുകയും ചെയ്‌തു.

അനധികൃതമായി ലീവെടുത്ത് ഉല്ലാസയാത്രപോയ കോന്നി തഹസിൽദാർ, ഡെപ്യൂട്ടി തഹസിൽദാർ ഉൾപ്പടെ 19 ഉദ്യോഗസ്‌ഥരാണ് നടപടി നേരിടാൻ പോകുന്നത്. 63 ജീവനക്കാരിൽ 42 പേരാണ് വെള്ളിയാഴ്‌ച ഓഫീസിൽ ഇല്ലാതിരുന്നത്. ഇതിൽ അവധി അപേക്ഷ നൽകിയവർ 20 പേർ മാത്രം. 22 ജീവനക്കാർ അവധിയെടുത്തത് അനധികൃതമായിട്ടാണ്. രണ്ടാം ശനിയും ഞായറും അവധി ആയതിനാൽ വെള്ളിയാഴ്‌ച കൂടി അവധിയെടുത്ത് മൂന്ന് ദിവസം മൂന്നാറിലേക്ക് ഉദ്യോഗസ്‌ഥർ ഉല്ലാസയാത്ര പോവുകയായിരുന്നു.

Most Read: കുതിരവട്ടം മാനസിക കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതി പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE