കൽപ്പറ്റ: വയനാട് പേര്യ ചപ്പാരം കോളനിയിൽ പോലീസുമായുള്ള ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട മൂന്ന് മാവോയിസ്റ്റുകൾ കണ്ണൂർ ജില്ലയിലെ വനമേഖലയിലേക്ക് കടന്നുവന്ന നിഗമനത്തിൽ പോലീസ്. തിരച്ചിൽ ഊർജിതമാക്കിയ അന്വേഷണ സംഘം ആറളം, കേളകം, പെരിയ പരിധിയിലെ വനമേഖലയിലും അതിർത്തിയിലും വ്യോമനിരീക്ഷണം നടത്തി.
കോഴിക്കോട് ജില്ലാ അതിർത്തിയിലും പരിശോധന ഉണ്ടായിരുന്നു. ഹെലികോപ്ടർ, ഡ്രോൺ പരിശോധനയും തണ്ടർബോൾട്ട് സംഘത്തിന്റെ പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്. മാനന്തവാടി ഡിവൈഎസ്പി പിഎൽ ഷൈജുവിനാണ് അന്വേഷണ ചുമതല. കസ്റ്റഡിയിലുള്ള മാവോയിസ്റ്റുകളായ ചന്ദ്രു, ഉണ്ണിമായ എന്നിവരെ പുത്തൂർവയൽ സായുധ പോലീസ് ക്യാമ്പിൽ ചോദ്യം ചെയ്യുകയാണ്.
എൻഐഎ, സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ്, ഇന്റലിജൻസ് ബ്യൂറോ എന്നിവർക്കൊപ്പം കർണാടക- തമിഴ്നാട് സംസ്ഥാനങ്ങളിലെ നക്സൽ വിരുദ്ധ സേനയിലെ ഉന്നതരും എത്തിയിട്ടുണ്ട്. മാവോയിസ്റ്റുകളുമായി വെടിവെപ്പ് നടന്ന ചപ്പാരം കോളനിയിലെ അനീഷിന്റെ വീട്ടിൽ ബാലിസ്റ്റിക്, ഫോറൻസിക്, സയന്റിഫിക് ഉദ്യോഗസ്ഥരുടെ പരിശോധന നടത്തി. പ്രദേശത്ത് പോലീസ് കാവലും നിരീക്ഷണവും തുടരുകയാണ്.
അതേസമയം, കഴിഞ്ഞ ദിവസം പിടിയിലായ സംസ്ഥാനത്തെ മാവോയിസ്റ്റ് സംഘങ്ങൾക്ക് സൗകര്യങ്ങൾ ഒരുക്കുന്ന ‘കുറിയർ’ സംഘാംഗമായ തമിഴ്നാട് സ്വദേശി തമ്പി എന്ന അനീഷ് ബാബുവിനെ ആറു ദിവസത്തേക്ക് കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. കക്കയം, കൂരാച്ചുണ്ട്, കാറ്റുള്ളമല, കൊയിലാണ്ടി ഭാഗങ്ങളിൽ ഇന്ന് ഇയാളുമായി തെളിവെടുപ്പ് നടത്തും.
Most Read| ചിക്കുൻ ഗുനിയക്കുള്ള ലോകത്തെ ആദ്യ വാക്സിന് അംഗീകാരം









































കുറിയർ അല്ല കൊറിയർ ??