കോഴിക്കോട്: മാവോയിസ്റ്റ് പ്രവർത്തകനായ വേൽമുരുകൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ സുതാര്യമായ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് സഹോദരൻ പറഞ്ഞു. ശരീരം നിറയെ വെടിയേറ്റ പാടുകളുണ്ടെന്നും തൊട്ടരികിൽ നിന്ന് വെടിവെച്ചതായാണ് മനസിലാക്കാൻ കഴിയുന്നതെന്നും സഹോദരൻ മാദ്ധ്യമ പ്രവർത്തകരോട് വ്യക്തമാക്കി. ഏറ്റുമുട്ടലാകാനുള്ള എല്ലാ സാധ്യതയും മൃദദേഹം കണ്ട സഹോദരൻ തള്ളിക്കളയുന്നു.
വേൽമുരുകന്റെ മൃതദേഹം ഏറ്റെടുക്കാനും കാണാനുമായി മധുരയിൽ നിന്ന് എത്തിച്ചേർന്ന സഹോദരനെയും അമ്മയെയും ബന്ധുക്കളെയും വേൽമുരുകന്റെ ശരീരം പൂർണ്ണമായി കാണിക്കാൻ അധികൃതർ ആദ്യം തയ്യാറായില്ല. മുഖം മാത്രം കാണിച്ച ശേഷം തിരികെ ഇറക്കിവിട്ട ഇവർ പുറത്തിറങ്ങി പ്രതിഷേധിച്ചപ്പോഴാണ് ശരീരം പൂർണ്ണമായി തുറന്നു കാണിക്കാൻ അധികൃതർ തയ്യാറായത്. ഇതിൽ തന്നെ പലതും ഒളിച്ചുവെക്കാനുള്ള ശ്രമം കാണാവുന്നതാണെന്ന് പിന്നീട് സഹോദരൻ പ്രതികരിച്ചു.
ഏറ്റുമുട്ടൽ നടന്ന് 30 മണിക്കൂറിന് ശേഷമാണ് സംഭവസ്ഥലം ക്യാമറയിൽ പകർത്താൻ മാദ്ധ്യമങ്ങളെ പോലും അനുവദിച്ചത്. അതും റിപ്പോർട്ടമാരെ മാറ്റിനിർത്തി ക്യാമറക്ക് മാത്രമാണ് പ്രവേശനം നൽകിയത്. ഇതൊക്കെ വ്യക്തമാക്കുന്നത് എന്തൊക്കെയോ ഒളിച്ചുവെക്കാനുള്ള ശ്രമങ്ങളാണ്; ടി സിദ്ദിഖ് പറഞ്ഞു.
മൃതദേഹം കാണണം എന്നാവശ്യപ്പെട്ട ടി സിദ്ദിഖടക്കമുള്ള കോൺഗ്രസ് നേതാക്കളെ പോലീസ് ബലം പ്രയോഗിച്ച് നീക്കിയിരുന്നു. ഏറ്റുമുട്ടലിൽ സർക്കാർ പലതും ഒളിച്ച് വെക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. സംഭവത്തെക്കുറിച്ച് ജുഡിഷ്യൽ അന്വേഷണം ആവശ്യമാണെന്നും മൃതദേഹം കണ്ടവരൊക്കെ ശരീരത്തിൽ നിറയെ മുറിവുകളുണ്ടെന്നും ഏറ്റുമുട്ടലായി കാണാനാവില്ലെന്ന് പറയുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവസ്ഥലത്ത് ഫോറൻസിക് ബാലിസ്റ്റിക് വിദഗ്ധർ പരിശോധന നടത്തി. ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട മാവോയിസ്റ്റുകൾക്ക് വേണ്ടി തണ്ടർ ബോൾട്ട് സേനാംഗങ്ങൾ പ്രദേശത്ത് തിരച്ചിൽ നടത്തിയതായി പോലീസ് അവകാശപ്പെട്ടു. രണ്ട് ക്രൈംബ്രാഞ്ച് എസ്പിമാർ ബാണാസുര വനത്തിലെത്തി വിവരങ്ങൾ ശേഖരിച്ചതായും പോലീസ് വ്യക്തമാക്കി. ഏറ്റുമുട്ടലിൽ പങ്കെടുത്ത തണ്ടർബോൾട്ട് സംഘത്തിലെ അംഗങ്ങളുടെ മൊഴികൾ കേൾക്കുകയും അവ രേഖപ്പെടുത്തുകയും ചെയ്ത ശേഷം റിപ്പോർട്ട് ആഭ്യന്തരവകുപ്പിന് സമർപ്പിക്കും എന്നാണ് പോലീസ് പറയുന്നത്.

നൂറിലേറെ പൊലീസുകാരുടെ സുരക്ഷയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സഹോദരൻ മുരുകനും അമ്മ കണ്ണമ്മാളും ഗ്രോവാസുവിന്റെ നേതൃത്വത്തിലുള്ള സംഘവുമാണ് മൃതദേഹം ഏറ്റുവാങ്ങിയത്. തമിഴ് നാട്ടിലേക്ക് കൊണ്ട് പോയി ആചാരപ്രകാരം സംസ്കരിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.
Most Read: അര്‍ണബിനെ പൂട്ടാനുറച്ച് മുംബൈ പോലീസ്; വനിതാ പോലീസുകാരിയെ ആക്രമിച്ചെന്ന് പുതിയ എഫ്ഐആര്‍








































