ലഖ്‌നൗ: ഉത്തർപ്രദേശിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ പത്ത് നവജാത ശിശുക്കൾ മരിച്ചു. 16 കുഞ്ഞുങ്ങളുടെ നില ഗുരുതരമാണ്. യുപിയിലെ ഝാൻസി മഹാറാണി ലക്ഷ്‌മി ബായ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലാണ് തീപിടിത്തം ഉണ്ടായതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അവിനാശ് കുമാർ അറിയിച്ചു.
വെള്ളിയാഴ്‌ച രാത്രി 10.45 ഓടെയാണ് സംഭവം. ഷോർട് സർക്യൂട്ടിനെ തുടർന്നാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക വിലയിരുത്തൽ. തീപിടിത്തമുണ്ടായ സമയം തീവ്ര പരിചരണ വിഭാഗത്തിൽ അമ്പതോളം നവജാത ശിശുക്കളാണ് ഉണ്ടായിരുന്നതെന്ന് അധികൃതർ അറിയിച്ചു.
പരിക്കേറ്റ കുഞ്ഞുങ്ങൾക്ക് ആവശ്യമായ ചികിൽസ ഉറപ്പാക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകി. സംഭവത്തെ കുറിച്ച് 12 മണിക്കൂറിനുള്ളിൽ റിപ്പോർട് സമർപ്പിക്കാൻ ഝാൻസി ഡിവിഷണൽ കമ്മീഷണർ, മേഖലാ ഡെപ്യൂട്ടി ഐജി എന്നിവർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി. ആരോഗ്യവകുപ്പും പ്രത്യേക അന്വേഷണം നടത്തും.
Most Read| നിന്ന നിൽപ്പിൽ ഗിന്നസ് ബുക്കിൽ കയറിയ കോഴി! ഇതാണ് മക്കളെ ‘കോഴിക്കെട്ടിടം’