ന്യൂഡെൽഹി: സംഘർഷബാധിത പ്രദേശമായ ഉത്തർപ്രദേശിലെ സംഭൽ സന്ദർശിക്കാനെത്തിയ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ള സംഘത്തെ യുപി പോലീസ് തടഞ്ഞു. ഡെൽഹി- യുപി അതിർത്തിയായ ഗാസിപുരിലാണ് കോൺഗ്രസ് പ്രവർത്തകരെ തടഞ്ഞത്.
അതിർത്തിയിൽ ബാരിക്കേഡ് വെച്ചും പോലീസ് വാഹനങ്ങൾ കുറുകെയിട്ടും യാത്ര തടയുകയായിരുന്നു. രാഹുലും മറ്റു നേതാക്കളും സഞ്ചരിച്ച വാഹന വ്യൂഹം പോലീസ് തടഞ്ഞതോടെ മുന്നോട്ട് പോകാനായില്ല. ഇവർ വാഹനത്തിൽ തുടരുകയാണ്. അതേസമയം, ബാരിക്കേഡുകൾ മാറ്റണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുകയാണ്.
പ്രതിഷേധത്തെ തുടർന്ന് ഡെൽഹി- മീററ്റ് റോഡ് ഭാഗികമായി അടച്ചു. ഗാസിയപുരിലേക്ക് രാഹുലും സംഘവും 11 മണിക്കാണ് പുറപ്പെട്ടത്. പ്രിയങ്ക ഗാന്ധിയും കെസി വേണുഗോപാലും യുപിയിലെ കോൺഗ്രസ് എംപിമാരും സംഘത്തിലുണ്ട്. രാഹുൽ ഗാന്ധിയെ തടയാനാകില്ലെന്നും അദ്ദേഹം സംഭൽ ഉറപ്പായും സന്ദർശിക്കുമെന്നും പ്രവർത്തകർ പറഞ്ഞു.
റോഡുകൾ ബ്ളോക്ക് ചെയ്‌ത് ജനങ്ങളെ ബുദ്ധിമുട്ടിച്ച് കോൺഗ്രസിനെതിരെ ജനരോഷം ഉയർത്താനുള്ള ബിജെപി ശ്രമമാണ് നടക്കുന്നതെന്നും പ്രവർത്തകർ ആരോപിച്ചു. നൂറുകണക്കിന് പ്രവർത്തകരാണ് അതിർത്തിയിലേക്ക് എത്തുന്നത്. രാഹുലിന്റെ യാത്രയ്‌ക്ക് ജില്ലാ ഭരണകൂടം അനുമതി നൽകിയിട്ടില്ല. യാത്ര റദ്ദാക്കണമെന്ന് രാഹുലിനോട് അഭ്യർഥിച്ചതായാണ് വിവരം.
സംഘർഷാവസ്‌ഥയെ തുടർന്ന് പുറത്തുനിന്നുള്ളവർക്ക് ഇവിടേക്ക് എത്തുന്നതിന് നേരത്തെ തന്നെ ജില്ലാ ഭരണകൂടം വിലക്കിയിരുന്നു. വിലക്ക് പത്ത് വരെ തുടരും. സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന് ഉൾപ്പടെ സ്‌ഥലം സന്ദർശിക്കാൻ കഴിഞ്ഞിരുന്നില്ല. രാഹുലിന്റെ സന്ദർശനത്തോടെ വീണ്ടും പ്രകോപനം ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് മൊറാദാബാദ് ഡിവിഷണൽ കമ്മീഷണറുടെ വാദം.
Most Read| കിളിമഞ്ചാരോ കീഴടക്കി മലയാളി പെൺകുട്ടി