ലഖ്‌നൗ: ഉത്തർപ്രദേശിലെ മഥുര ജില്ലയിലെ വൃന്ദാവനിൽ തീർഥാടകരുടെ ബോട്ട് മറിഞ്ഞ് പത്തുമരണം. നിരവധിപ്പേരെ കാണാതായി. സ്‌ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. പഞ്ചാബിലെ ലുധിയാനയിൽ നിന്നുള്ള തീർഥാടക സംഘമാണ് അപകടത്തിൽപ്പെട്ടത്.
ഇന്ന് ഉച്ചയ്‌ക്ക് മൂന്ന് മണിയോടെ ബങ്കെ ബിഹാരി ക്ഷേത്രത്തിന് സമീപമുള്ള കേശി ഘട്ടിലാണ് ദുരന്തം സംഭവിച്ചത്. വൃന്ദാവൻ സന്ദർശിക്കാനെത്തിയ രണ്ട് ബസുകളിലായുള്ള യാത്രാസംഘത്തിലെ അംഗങ്ങളാണിവർ. മരിച്ചവരിൽ ഏഴ് സ്‌ത്രീകളും മൂന്ന് പുരുഷൻമാരുമാണ്.
ഏകദേശം മുപ്പതോളം തീർഥാടകർ സഞ്ചരിച്ചിരുന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. പുഴയ്‌ക്ക് കുറുകെയുള്ള ഒരു പോണ്ടൂൺ പാലത്തിൽ ബോട്ട് ഇടിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്‌തമായത്. പാലത്തിൽ ഇടിച്ചതിന് പിന്നാലെ ബോട്ട് തലകീഴായി മറിയുകയായിരുന്നു.
സൈന്യം, ദേശീയ ദുരന്തനിവാരണ സേന എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. 15 പേരെ മാത്രം കയറ്റാൻ ശേഷിയുള്ള ബോട്ടിൽ അതിന്റെ ഇരട്ടിയിലധികം ആളുകളെ കയറ്റിയതാണ് ദുരന്തത്തിന്റെ ആക്കം കൂട്ടിയത്. അപകടം നടന്നയുടൻ ബോട്ട് ഓടിച്ചിരുന്ന ആൾ സംഭവ സ്‌ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു.
സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റവർ എത്രയുംവേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർഥിക്കുകയും ചെയ്‌തു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അർഹമായ നഷ്‌ടപരിഹാരം ഉറപ്പാക്കാനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്‌ഥർക്ക് നിർദ്ദേശം നൽകി.
Most Read| സകല ക്ഷേത്രങ്ങളും പൂജകളും ചരിത്രവും ഇനി ഒരൊറ്റ ക്ളിക്കിൽ




































