എറണാകുളം: കൊച്ചിയിലെ ടാറ്റൂ ആർട്ടിസ്‌റ്റിന് എതിരായ മീ ടു ബലാൽസംഗ ആരോപണങ്ങളിൽ പരാതി ലഭിച്ചാലുടൻ കേസെടുക്കുമെന്ന് വ്യക്‌തമാക്കി കമ്മീഷണർ. ഫോണിലൂടെ പരാതി ലഭിച്ചാൽ പോലും കേസെടുക്കുമെന്നും, നിലവിൽ പോലീസ് അതിജീവിതകളുമായി സംസാരിക്കുന്നുണ്ടെന്നും കമ്മീഷണർ സിഎച്ച് നാഗരാജു അറിയിച്ചു.
കൊച്ചിയിൽ പ്രവർത്തിക്കുന്ന സെലിബ്രിറ്റി ടാറ്റൂ ആർട്ടിസ്‌റ്റിന് എതിരെയാണ് ഇപ്പോൾ മീ ടു ആരോപണം ഉയർന്നിരിക്കുന്നത്. ടാറ്റൂ ചെയ്യാനെത്തിയപ്പോൾ ബലാൽസംഗം ചെയ്‌തുവെന്ന് പെൺകുട്ടി സാമൂഹിക മാദ്ധ്യമത്തിലൂടെ ആരോപണം ഉന്നയിച്ചപ്പോഴാണ് സംഭവം പുറത്തു വരുന്നത്. അതിന് പിന്നാലെ ഇതേ ടാറ്റൂ ആർട്ടിസ്‌റ്റിനെതിരെ നിരവധി പെൺകുട്ടികൾ ആരോപണവുമായി രംഗത്ത് വരികയും ചെയ്‌തു. എന്നാൽ ഇതുവരെ ആരും പരാതിയുമായി പോലീസിനെ സമീപിച്ചിട്ടില്ല.
അതേസമയം ദുരനുഭവം നേരിട്ട പെൺകുട്ടികളെല്ലാം ചേർന്ന് ഉടൻ പരാതി നൽകാനും ആലോചിക്കുന്നുണ്ട്. പരാതി ലഭിച്ചാൽ ഉടൻ തന്നെ നടപടി സ്വീകരിക്കുമെന്നാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ അറിയിക്കുന്നത്. ഒരാഴ്‌ച മുന്നേ നേരിട്ട പീഡനമാണ് പെൺകുട്ടി സാമൂഹിക മാദ്ധ്യമത്തിൽ പങ്കുവച്ചത്. അതിന് പിന്നാലെ ഒരു വർഷം മുൻപും, രണ്ട് വർഷം മുൻപും സമാന അനുഭവം ഉണ്ടായ പെൺകുട്ടികൾ രംഗത്ത് വരാൻ തുടങ്ങി. ഇവർക്കിടയിൽ പ്രായപൂർത്തി ആകാത്ത പെൺകുട്ടിയും ഉൾപ്പെടുന്നുണ്ട്.
ടാറ്റൂ ചെയ്യാനായി പെൺകുട്ടികളെ മുറിയിലേക്ക് കൊണ്ടുപോകുകയും, വാതിൽ അകത്തു നിന്ന് അടയ്‌ക്കുകയും ചെയ്യുമെന്നും മറ്റാരെയും അകത്തേക്ക് പ്രവേശിപ്പിക്കില്ലെന്നും അതിജീവിത പറയുന്നു. തുടർന്ന് ടാറ്റൂ ചെയ്‌തു തുടങ്ങുമ്പോഴാണ് മോശമായി പെരുമാറുന്നത്. സംഭവം ഒരാൾ പുറത്തു പറഞ്ഞതോടെയാണ് മറ്റ് പെൺകുട്ടികളും തങ്ങൾക്ക് നേരിട്ട അനുഭവം വ്യക്‌തമാക്കിയത്. നിലവിൽ ആരോപണങ്ങൾ ഉയർന്നതോടെ ടാറ്റൂ കലാകാരൻ ഒളിവിൽ പോയിരിക്കുകയാണ്.
Read also: യുക്രൈനിലുള്ള റഷ്യയുടെയും റഷ്യൻ പൗരൻമാരുടെയും സ്വത്തുക്കൾ കണ്ടുകെട്ടാൻ തീരുമാനം