കോഴിക്കോട്: മീഡിയാ വണ്‍ ചാനലിന്റെ സംപ്രേഷണാവകാശം തടഞ്ഞ കേന്ദ്ര സര്‍ക്കാരിന്റെ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. രണ്ട് ദിവസത്തേക്കാണ് സ്‌റ്റേ. ജസ്‌റ്റിസ് എന്‍ നഗരേഷിന്റേതാണ് ഇടക്കാല ഉത്തരവ്. ബുധനാഴ്‌ച കേസ് വീണ്ടും പരിഗണിക്കും.
ചാനല്‍ നല്‍കിയ ഹരജിയിൽ കോടതി കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം തേടിയിട്ടുണ്ട്. സംപ്രേഷണം തടഞ്ഞത് രാജ്യ സുരക്ഷാ കാരണങ്ങള്‍ കൊണ്ടാണെന്നും കോടതി ഇടപെടല്‍ പാടില്ലെന്നുമാണ് കേന്ദ്രത്തിന്റെ വാദം. ചാനലിന് സുരക്ഷാ അനുമതി നിഷേധിച്ചതിന് മതിയായ കാരണമുണ്ടെന്നും കേന്ദ്രം കോടതിയില്‍ വാദിച്ചു.
ഏകപക്ഷീയമായാണ് കേന്ദ്രസര്‍ക്കാര്‍ ലൈസന്‍സ് റദ്ദാക്കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് മീഡിയാ വണ്‍ ഹൈക്കോടതിയെ സമീപിച്ചത്. ഈ മാസം ആദ്യം തന്നെ ലൈസന്‍സ് പുതുക്കുന്നതിനുള്ള അപേക്ഷ നല്‍കിയിരുന്നുവെന്ന് മീഡിയാ വണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍ പറഞ്ഞു. അതിന് ശേഷം ചില കാര്യങ്ങളിലെ സംശയങ്ങള്‍ക്ക് വ്യക്‌തത വരുത്തികൊണ്ടുള്ള കത്തിടപാടുകളും നടന്നിട്ടുണ്ടെന്നും പ്രമോദ് രാമന്‍ വിശദീകരിച്ചു.
ഇന്ന് ഉച്ചയോടെയാണ് മീഡിയാ വണ്‍ ചാനലിന്റെ സംപ്രേഷണാവകാശം കേന്ദ്ര വാര്‍ത്താ വിതരണം മന്ത്രാലയം തടഞ്ഞത്. സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ചാണ് സംപ്രേഷണം തടഞ്ഞതെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ കേന്ദ്രം തയ്യാറാക്കിയിട്ടില്ലെന്നും ചാനല്‍ ഔദ്യോഗികമായി അറിയിച്ചിരുന്നു. തുടര്‍ന്നാണ് സംപ്രേഷണം തല്‍ക്കാലം നിര്‍ത്തുന്നുവെന്ന് വ്യക്‌തമാക്കിയത്.
നേരത്തെ ഡെൽഹി കലാപം റിപ്പോർട് ചെയ്‌തതുമായി ബന്ധപ്പെട്ട് മീഡിയാ വണ്‍ ചാനലിന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം 48 മണിക്കൂര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കേബിള്‍ നെറ്റ് വര്‍ക്ക് ചട്ടങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടിയായിരുന്നു അന്ന് വിലക്ക് ഏര്‍പ്പെടുത്തിയത്.
ചാനലിനെതിരായ നടപടിയിൽ കേന്ദ്രത്തിനെതിരെ വിവിധ ഭാഗങ്ങളിൽ നിന്ന് രൂക്ഷ വിമർശനം ഉയർന്നിട്ടുണ്ട്. മീഡിയവൺ ചാനലിന്റെ സംപ്രേക്ഷണം വീണ്ടും തടഞ്ഞ കേന്ദ്രസർക്കാർ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അഭിപ്രായപ്പെട്ടു. കാരണങ്ങൾ പറയാതെയാണ് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം മീഡിയാ വണിന്റെ സംപ്രേക്ഷണം തടഞ്ഞത്. ഇത് സ്വാഭാവിക നീതിയുടെ ലംഘനമാണ്.
എന്ത് കാരണത്താൽ സംപ്രേക്ഷണം തടഞ്ഞു എന്നത് വ്യക്‌തമാക്കാനുള്ള ബാധ്യത കേന്ദ്ര സർക്കാരിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. അപ്രിയമായ വാർത്തകളോട് അസഹിഷ്‌ണുത കാട്ടുന്ന സംഘപരിവാർ നയമാണ് മീഡിയാ വണിന്റെ പ്രക്ഷേപണം തടയുന്നതിലൂടെ കേന്ദ്ര സർക്കാർ നടപ്പാകുന്നത്. മാദ്ധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണിത്. ഇതിനെതിരെ ശക്‌തമായ പ്രതിഷേധം ഉയർന്നു വരേണ്ടതുണ്ടെന്നും പ്രതിപക്ഷ നേതാവ് വ്യക്‌തമാക്കി.
Also Read: ഡോക്‌ടർമാർക്ക് ഉൾപ്പടെ കോവിഡ്; താളം തെറ്റി ഒപി പ്രവർത്തനം