കോഴിക്കോട്: മെഡിക്കൽ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിൽ കൈവിരലിന് ശസ്‌ത്രക്രിയ നടത്താനെത്തിയ നാല് വയസുകാരിയുടെ നാവിൽ ശസ്‌ത്രക്രിയ ചെയ്‌ത സംഭവത്തിൽ ഡോക്‌ടർക്ക് സസ്‌പെൻഷൻ. പിഴവ് സംഭവിച്ചെന്ന പരാതിയിൽ ശസ്‌ത്രക്രിയ നടത്തിയ ഡോ. ബിജോൺ ജോൺസനെയാണ് സസ്‌പെൻഡ് ചെയ്‌തത്.
സംഭവം അടിയന്തിരമായി അന്വേഷിച്ച് റിപ്പോർട് സമർപ്പിക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് നടപടി. തുടർ നടപടികൾ അന്വേഷണത്തിന് ശേഷം മാത്രമേ സ്വീകരിക്കാനാവൂ എന്നും കോഴിക്കോട് മാതൃ-ശിശു സംരക്ഷണ കേന്ദ്രം അറിയിച്ചു.
ഇന്ന് രാവിലെയാണ് ചെറുവണ്ണൂർ സ്വദേശിയായ കുട്ടിയും മാതാപിതാക്കളും ആശുപത്രിയിൽ എത്തിയത്. കുട്ടിയുടെ കൈയിലെ ആറാം വിരൽ നീക്കം ചെയ്യാനായിരുന്നു എത്തിയത്. ശസ്‌ത്രക്രിയ പൂർത്തിയായെന്ന് പറഞ്ഞു കുട്ടിയെ നഴ്‌സ് വാർഡിലേക്ക് കൊണ്ടുവന്നപ്പോഴാണ് കുട്ടിയുടെ വായിൽ പഞ്ഞി തിരുകിയത് വീട്ടുകാർ കണ്ടതും കാര്യം തിരക്കിയതും. കൈയിലെ തുണി മാറ്റി നോക്കിയപ്പോൾ ആറാം വിരൽ അതുപോലെ ഉണ്ടായിരുന്നു.
കൈക്കാണ് ശസ്‌ത്രക്രിയ വേണ്ടതെന്നും മാറിപ്പോയെന്നും പറഞ്ഞപ്പോൾ ചിരിച്ചുകൊണ്ടായിരുന്നു നഴ്‌സിന്റെ പ്രതികരണമെന്നും വളരെ നിസ്സാരമായാണ് ആശുപത്രി അധികൃതർ സംഭവം എടുത്തതെന്നും വീട്ടുകാർ ആരോപിച്ചിരുന്നു. സംഭവം വിവാദമായതോടെ ആശുപത്രി സൂപ്രണ്ട് കുട്ടിയുടെ ബന്ധുക്കളുമായി ചർച്ച നടത്തി. കുട്ടിയുടെ ബന്ധുക്കളോട് നാവിൽ ശസ്‌ത്രക്രിയ നടത്തിയ ഡോക്‌ടർ മാപ്പ് പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് വ്യക്‌തമാക്കി.
അതിനിടെ, കുട്ടിയുടെ മാതാപിതാക്കൾ കേസ് രജിസ്‌റ്റർ ചെയ്‌തതായാണ് വിവരം. അതേസമയം, സർക്കാർ ആശുപത്രികളിൽ ജനങ്ങൾക്ക് വിശ്വാസം നഷ്‌ടപ്പെടുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വാർത്താക്കുറിപ്പിൽ പ്രതികരിച്ചു. ചികിൽസാ പിഴവുകൊണ്ട് പിഞ്ചുകുഞ്ഞിന്റെ നാവ് മുറിച്ചതാണോ നമ്പർ വൺ കേരളം എന്നും വിഡി സതീശൻ വിമർശിച്ചു. ഏത് സംഭവത്തിലും അടിയന്തിര റിപ്പോർട്ടിന് ഉത്തരവിടുന്നതല്ലാതെ എന്ത് തിരുത്തൽ നടപടിയാണ് ആരോഗ്യവകുപ്പും മന്ത്രിയും സ്വീകരിച്ചിട്ടുള്ളതെന്നും വിഡി സതീശൻ ചോദിച്ചു.
Most Read| എന്നുമുള്ള ചായയും കാപ്പി കുടിയും നിർത്തിക്കോ! ജാഗ്രത വേണമെന്ന് ഐസിഎംആർ