വയനാട്: മേപ്പാടി-ചൂരൽമല റോഡ് നവീകരണം വൈകുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ വീണ്ടും സമരത്തിലേക്ക്. റോഡ് നിർമാണം പാതിവഴിയിൽ നിലച്ചതിനെ തുടർന്നാണ് സമരവുമായി നാട്ടുകാർ വീണ്ടും സമരത്തിന് ഇറങ്ങുന്നത്. ഇന്ന് വൈകിട്ട് മൂന്നിന് ചുളിക്ക ജിഎൽപി സ്‌കൂളിൽ ചേരുന്ന ആക്‌ഷൻ കമ്മിറ്റി രൂപീകരണ യോഗത്തിൽ സമരപരിപാടികൾ പ്രഖ്യാപിക്കും. 2018 നവംബർ ഒമ്പതിന് തുടങ്ങിയ നവീകരണ പ്രവൃത്തി മൂന്ന് വർഷം കഴിഞ്ഞിട്ടും എങ്ങുമെത്തിയില്ല.
കിഫ്‌ബി അനുവദിച്ച 40.96 കോടി രൂപ ഉപയോഗിച്ചാണ് നവീകരണം തുടങ്ങിയത്. മേപ്പാടി മുതൽ ചൂരൽമല വരെയുള്ള 12.8 കിലോമീറ്റർ റോഡാണ് നവീകരിക്കേണ്ടത്. കരാർ പ്രകാരം 2020 മെയ് എട്ടിന് പ്രവൃത്തി പൂർത്തിയാക്കേണ്ടതായിരുന്നു. പ്രവൃത്തി നടക്കാത്തതിനാൽ 2020 ഡിസംബർ 31 വരെ കരാർ കാലാവധി നീട്ടി നൽകി. എന്നാൽ, കോവിഡ് വ്യാപനം രൂക്ഷമായതോടെ പണി പൂർണമായും നിലച്ചു. പണിക്കായി ഇറക്കിയ മെറ്റലുകളും മറ്റും റോഡിൽ ചിതറിക്കിടന്ന് അപകടങ്ങൾക്ക് വഴിതെളിച്ചു.
നിലവിലെ ടാറിങ് കുത്തിപൊളിച്ചാണ് നവീകരണം തുടങ്ങിയത്. പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നതിനാൽ ചൂരൽമല മുതൽ മേപ്പാടി വരെയുള്ള 12.8 കിലോമീറ്റർ താണ്ടണമെങ്കിൽ ഒരു മണിക്കൂറോളം എടുക്കുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. അതേസമയം, കഴിഞ്ഞ 12ന് കളക്‌ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റോഡ് താൽക്കാലികമായി അറ്റകുറ്റപ്പണികൾ നടത്തി സഞ്ചാരയോഗ്യമാക്കുമെന്ന് തീരുമാനിച്ചിരുന്നു. ഇതിനായി കേരള ഫണ്ട് ബോർഡിനെയും ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ, പത്ത് ദിവസമായിട്ടും നടപടികൾ ഒന്നും തന്നെ ആരംഭിച്ചിട്ടില്ല. ഇതേ തുടർന്നാണ് നാട്ടുകാർ സമരത്തിനിറങ്ങുന്നത്.
Most Read: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം; കേന്ദ്രത്തോട് എകെ ശശീന്ദ്രൻ






































