മെക്സിക്കോ സിറ്റി: മെക്സിക്കൻ ലഹരിമരുന്ന് മാഫിയ തലവൻ നെമെസിയോ എൽ മെൻചോ ഒസെഗുവേരയെ (59) വധിച്ചതായി മെക്സിക്കൻ സൈന്യം പ്രസ്താവനയിൽ അറിയിച്ചു. ഹാലിസ്കോ സംസ്ഥാനത്തെ തപാൽപയിൽ സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലിലാണ് എൽ മെൻചോയ്ക്ക് പരിക്കേറ്റത്.
തുടർന്ന് മെക്സിക്കോ സിറ്റിയിലേക്ക് വിമാനമാർഗം കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചതെന്ന് സൈന്യം പറഞ്ഞു. ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് അമേരിക്ക 1.5 കോടി ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. അതേസമയം, സൈനിക നടപടിയിൽ പ്രകോപിതരായ ലഹരി മാഫിയ സംഘം പശ്ചിമ ഹാലിസ്കോയിലെ ഇരുപതിലധികം റോഡുകൾ വാഹനങ്ങൾ കൂട്ടിയിട്ട് കത്തിച്ച് തടഞ്ഞു.
അക്രമം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചു. പൗരൻമാർ ശാന്തരായിരിക്കണമെന്ന് മെക്സിക്കൻ പ്രസിഡണ്ട് ക്ളൌഡിയ ഷെയ്ൻബോം അഭ്യർഥിച്ചു. സിനലോവ കാർട്ടൽ സ്ഥാപകനായ ജോക്വിൻ ‘എൽ ചാപ്പോ’ ഗുസ്മാൻ, ഇസ്മായേൽ സാംബാഡ എന്നിവരുടെ അറസ്റ്റിന് ശേഷം കൊല്ലപ്പെടുന്ന ഏറ്റവും വലിയ ലഹരിമരുന്ന് രാജാവാണ് ഒസെഗുവേര.
ഇയാളെ കൂടാതെ ആറ് അക്രമികൾ കൊല്ലപ്പെടുകയും മൂന്ന് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അക്രമ പശ്ചാത്തലത്തിൽ ഈ ആഴ്ച നടക്കാനിരുന്ന പൊതുപരിപാടികളും തിങ്കളാഴ്ചത്തെ ക്ളാസുകളും ഹാലിസ്കോ ഭരണകൂടം റദ്ദാക്കി. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളുടെ സഹായത്തോടെയാണ് ദൗത്യം നടപ്പിലാക്കിയത്.
ഒസെഗുവേരയെ ഏറ്റവും ക്രൂരനായ ലഹരിമരുന്ന് രാജാവെന്ന് വിശേഷിപ്പിച്ച അമേരിക്കൻ അധികൃതർ ഈ നീക്കത്തെ സ്വാഗതം ചെയ്തു. മെക്സിക്കോയിൽ നിന്നുള്ള ലഹരിമരുന്ന് കടത്ത് തടയാൻ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് സമ്മർദ്ദം ചെലുത്തുന്നതിനിടെയാണ് സൈനിക നീക്കം നടന്നത്. അക്രമസാധ്യത കണക്കിലെടുത്ത് തങ്ങളുടെ പൗരൻമാർ സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്ന് അമേരിക്കയും കാനഡയും നിർദ്ദേശം നൽകി. പല വിമാന സർവീസുകളും റദ്ദാക്കി.
Most Read| തറയിൽ വീണ റോസാപൂക്കളോ! പിങ്ക് നിറത്തിൽ വിസ്മയമായി മഹർലൂ തടാകം








































