തിരുവനന്തപുരം: എംജി സർവകലാശാലയിലെ ഗവേഷക വിദ്യാർഥിനി നിരാഹാരം അവസാനിപ്പിക്കണമെന്ന് മന്ത്രി കെ രാധാകൃഷ്‌ണൻ. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ സബ്‌മിഷന് ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് വേണ്ടി നിയമസഭയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. ഗവേഷണ കേന്ദ്രം ഡയറക്‌ടറെ മാറ്റണമെന്ന ആവശ്യം അംഗീകരിച്ചിട്ടും സമരവുമായി മുന്നോട്ടു പോകുന്നതിന്റെ താൽപര്യം എന്താണെന്ന് മന്ത്രി ചോദിച്ചു.
നീതി ഉറപ്പാക്കണമെന്ന് മന്ത്രി വിസിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സമരം ചെയ്യുന്ന വിദ്യാർഥിനിക്ക് ഗവേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം നൽകുകയും ചെയ്‌തിട്ടുണ്ട്. ഇവർക്ക് തടസം കൂടാതെ ഗവേഷണം പൂർത്തിയാക്കാൻ സൗകര്യമൊരുക്കുമെന്ന് വൈസ് ചാൻസിലർ ഉറപ്പുനൽകിയിട്ടുമുണ്ട്. എന്നാൽ, ആദ്യ ആവശ്യത്തിൽ നിന്ന് വിദ്യാർഥിനി പിൻമാറി. ഡയറക്‌ടർ നന്ദകുമാറിനെ സർവീസിൽനിന്ന് മാറ്റണമെന്നാണ് ഇപ്പോഴത്തെ ആവശ്യം.
സർവകലാശാലയുടെ നിയമം അനുസരിച്ച് മാത്രമേ നടപടിയെടുക്കാൻ കഴിയൂ. ജാതി വിവേചനം അന്വേഷിക്കും. തുടർന്നു പഠിക്കാനുള്ള എല്ലാ സൗകര്യവും ഒരുക്കും. കുറ്റവാളികൾക്കെതിരെ ശക്‌തമായ നടപടി ഉണ്ടാകുമെന്നും ആരെയും സംരക്ഷിക്കില്ലെന്നും മന്ത്രി അറിയിച്ചു.
എന്നാൽ ഗവേഷക വിദ്യാർഥിക്ക് കെമിക്കൽ ലാബ് കിട്ടാനും, ലാബ് തുറക്കാനും ഹൈക്കോടതി ഇടപെടേണ്ട ദുരവസ്‌ഥ കേരളത്തിൽ അല്ലാതെ മറ്റെവിടെ ഉണ്ടെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ചോദ്യം. കടുത്ത മനുഷ്യാവകാശ ലംഘനവും ജാതി വിവേചനവുമാണ് നടന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Read Also: സിനിമാ ചിത്രീകരണം തടസപ്പെടുത്തരുത്; ഫെഫ്‌ക പ്രതിപക്ഷ നേതാവിന് കത്തയച്ചു