ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കില്ലെന്ന മുന്നറിയിപ്പുമായി ഇറാൻ. ഹോർമുസ് കടലിടുക്കിലെ സ്ഥിതിഗതികൾ യുദ്ധത്തിന് മുൻപുള്ള അവസ്ഥയിലേക്ക് മടങ്ങില്ലെന്നാണ് ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫിന്റെ മുന്നറിയിപ്പ്. മേഖലയിൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിലാണ് ഘാലിബാഫിന്റെ പരാമർശം.
ഇത് ആഗോള ഊർജ വിതരണ ശൃംഖലയുടെ സുസ്ഥിരതയെ കുറിച്ച് ആശങ്ക ഉയർത്തിയിട്ടുണ്ട്. അതിനിടെ, ഇറാന്റെ സുരക്ഷാ കൗൺസിൽ സെക്രട്ടറിയും ഇറാൻ പ്രത്യാക്രമണങ്ങളുടെ സൂത്രധാരനുമായ അലി ലാരിജാനി ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ഇറാൻ അർധ ഔദ്യോഗിക മാദ്ധ്യമമായ മെഹ്ർ ഏജസിയാണ് ഇക്കാര്യം റിപ്പോർട് ചെയ്തത്.
അർധസൈനിക വിഭാഗമായ ബാസിജ് ഫോഴ്സ് കമാൻഡർ ഗുലാം റിസ സുലൈമാനിയെയും കഴിഞ്ഞദിവസം രാത്രിയിലെ വ്യോമാക്രമണത്തിൽ വധിച്ചതായി ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കട്സ് പറഞ്ഞു. സുലൈമാനി കൊല്ലപ്പെട്ടത് ഇറാൻ സൈന്യം നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇറാൻ തലസ്ഥാനമായ ടെഹ്റാനിലും ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിലും ഇസ്രയേൽ ബോംബിങ് തുടരുകയാണ്.
യുഎസുമായി വെടിനിർത്തലിന് മധ്യസ്ഥ രാജ്യങ്ങൾ മുന്നോട്ടുവെച്ച ശുപാർശകൾ ഇറാൻ തള്ളി. യുഎസിനെയും ഇസ്രയേലിനെയും മുട്ടുകുത്തിക്കാതെ സമാധാനത്തിന് സമയമാവില്ലെന്ന് ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബാ ഖമനയി പറഞ്ഞു. മൂന്നാഴ്ചയിലെത്തിയ യുദ്ധത്തിൽ ഇറാനിൽ ഇതുവരെ 1444 പേർ കൊല്ലപ്പെട്ടു. 15 യുഎസ് സൈനികരും കൊല്ലപ്പെട്ടു.
Most Read| താറാവിന്റെ വയറ്റിൽ നിന്ന് കിട്ടിയത് സ്വർണം; അമ്പരന്ന് നാട്ടുകാർ







































