ടെഹ്‌റാൻ: ഇറാനിലെ പ്രകൃതിവാതക കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയതായി ഇസ്രയേൽ. ട്രംപ് ഭരണകൂടത്തിന്റെ അനുമതിക്ക് പിന്നാലെ തെക്ക് പടിഞ്ഞാറൻ മേഖലയിലുള്ള ഇറാന്റെ പ്രകൃതിവാതക സംസ്‌കരണ കേന്ദ്രം വ്യോമസേന ആക്രമിച്ചതായി ഇസ്രയേൽ ഉദ്യോഗസ്‌ഥരെ ഉദ്ധരിച്ച് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു.
സൗത്ത് പാർസിലെയും ബുഷെഹർ പ്രവിശ്യയിലെയും കേന്ദ്രങ്ങൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സൗത്ത് പാർസ് ഗ്യാസ് ഫീൽഡിലെ ഒന്നിലധികം ഇടങ്ങൾ ആക്രമണത്തിൽ തകർന്നതായി ഇറാൻ മാദ്ധ്യമം റിപ്പോർട് ചെയ്‌തു. അടിയന്തിര ഇടപെടലിനായി ഒരു സംഘത്തെ പ്രദേശത്ത് വിന്യസിച്ചുവെന്നും തീ അണയ്‌ക്കാനുള്ള പരിശ്രമത്തിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, പ്രകൃതിവാതകങ്ങൾക്ക് നേരെയുണ്ടായ ഇസ്രയേൽ ആക്രമണത്തെ ഖത്തർ അപലപിച്ചു. ഖത്തർ നോർത്ത് ഫീൽഡിന് അനുബന്ധമായുള്ള സൗത്ത് പാർസിന് നേരെയുള്ള ഇസ്രയേൽ ആക്രമണം അപകടകരവും നിരുത്തരവാദപരവുമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്‌താവ് മാജിദ് അൽ അൻസാരി പറഞ്ഞു.
ഊർജ ഉൽപ്പാദന കേന്ദ്രങ്ങളെ ലക്ഷ്യമിടുന്നത് ആഗോള ഊർജ സുരക്ഷയ്‌ക്കും മേഖലയിലെ ജനങ്ങൾക്കും പരിസ്‌ഥിതിക്കും ഭീഷണി ഉയർത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറിയായിരുന്ന അലി ലാരിജാനിയെ ഇസ്രയേൽ കൊലപ്പെടുത്തിയതോടെ ഇറാനും പാശ്‌ചാത്യ രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചർച്ചകളുടെ അവസാന കവാടവും അടഞ്ഞുവെന്നാണ് വിലയിരുത്തൽ.
യുഎസ്-ഇസ്രയേൽ- സംയുക്‌ത സൈനിക നീക്കം ശക്‌തമായ സാഹചര്യത്തിൽ ലാരിജാനിയുടെ മരണം യുദ്ധം വേഗത്തിൽ അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങളെ തടസപ്പെടുത്തുമെന്നാണ് നിരീക്ഷണം. ഇതോടെ ഇറാനിലെ യുദ്ധകാല നേതൃത്വം പൂർണമായും കടുത്ത നിലപാടുള്ളവരുടെ കൈകളിലാകുമെന്നും വിലയിരുത്തപ്പെടുന്നു.
Most Read| ‘വ്യക്‌തി നിയമങ്ങളെക്കാൾ മെച്ചപ്പെട്ടത് ഏകീകൃത സിവിൽ കോഡ്; നടപ്പാക്കാൻ സമയമായി’







































