തൃശൂർ/ പാലക്കാട്: തൃശൂരിലും പാലക്കാട്ടും വിവിധ പ്രദേശങ്ങളിൽ തുടർച്ചയായ രണ്ടാം ദിനവും നേരിയ ഭൂചലനം അനുഭവപ്പെട്ടു. പുലർച്ചെ 3.55നാണ് തൃശൂരിൽ ഭൂചലനം അനുഭവപ്പെട്ടത്. കുന്നംകുളം, എരുമപ്പെട്ടി, വേലൂർ, വടക്കാഞ്ചേരി മേഖലകളിലാണ് പ്രകമ്പനമുണ്ടായത്. ഏതാനും സെക്കണ്ടുകളോളം ഇത് നീണ്ടുനിന്നുവെന്ന് നാട്ടുകാർ പറയുന്നു.
ഇന്നലെ രാവിലെയും ഈ മേഖലയിൽ ഭൂചലനം ഉണ്ടായിരുന്നു. പാലക്കാട് തൃത്താല, ആനക്കര ഭാഗങ്ങളിലാണ് ഇന്ന് പുലർച്ചെ നാലുമണിയോടെ ഭൂചലനമുണ്ടായത്. തുടർചലനങ്ങൾ ഉണ്ടായേക്കാമെന്നും എന്നാൽ ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു.
ഇന്നലെ തൃശൂർ ജില്ലയിൽ കുന്നംകുളം, തലപ്പിള്ളി താലൂക്കുകളുടെ വിവിധ ഭാഗങ്ങളിലും അതിർത്തിയിലുള്ള പാലക്കാട് ജില്ലയിലെ പ്രദേശങ്ങളിലും നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. രാവിലെ 8.15ന് ഏകദേശം നാല് സെക്കൻഡ് നീണ്ടുനിന്ന മുഴക്കത്തോട് കൂടിയ പ്രകമ്പനമാണ് റിപ്പോർട് ചെയ്‌തത്. നാഷണൽ സെന്റർ ഫോർ ഡീസ്‌മോളജിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ 3.0 ആണ് തീവ്രത രേഖപ്പെടുത്തിയിട്ടുള്ളത്.
ഭൂമിക്ക് അടിയിൽ നിന്ന് മുഴക്കവും വിറയലും അനുഭവപ്പെട്ടതായി നാട്ടുകാർ പറയുന്നു. റവന്യൂ, ജിയോളജി വിഭാഗം ഉദ്യോഗസ്‌ഥർ സ്‌ഥലം സന്ദർശിച്ചു. തൃശൂരിൽ നിന്ന് 18 കിലോമീറ്റർ വടക്ക് മാറിയാണ് പ്രഭവകേന്ദ്രം എന്നാണ് നാഷണൽ സെന്റർ ഫോർ ഡീസ്‌മോളജിയുടെ പ്രാഥമിക നിഗമനം.
Most Read| കയറ്റുമതി-ഇറക്കുമതിക്ക് അനുമതി; വിഴിഞ്ഞം തുറമുഖത്തിന് കസ്‌റ്റംസിന്റെ അംഗീകാരം









































