കോഴിക്കോട്: റിപ്പബ്ളിക് ദിന പരേഡിൽ അഭിവാദ്യം സ്വീകരിച്ചത് കരാറുകാരന്റെ വാഹനത്തിലാണെന്ന വിവാദത്തിൽ പ്രതികരിച്ചു പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. പരേഡിൽ ഉപയോഗിക്കുന്ന വാഹനത്തിൽ മന്ത്രിയുടെ റോൾ എന്താണെന്ന് മുഹമ്മദ് റിയാസ് ചോദിച്ചു. വണ്ടിയുടെ ആർസി ബുക്ക് പരിശോധിക്കേണ്ടത് മന്ത്രിയാണോയെന്നും അദ്ദേഹം ചോദിച്ചു.
അതൊരു അധോലോക രാജാവിന്റെ വണ്ടി ആയാലും പിടികിട്ടാപ്പുള്ളിയുടെ വാഹനം ആയാലും മന്ത്രിയുടെ ഉത്തരവാദിത്തം ആവുന്നത് ഏങ്ങനെയാണ്? സംഭവത്തെ കുറിച്ച് കളക്ടറോടും ജില്ലാ പോലീസ് മേധാവിയോടും വിവരങ്ങൾ തേടിയിട്ടുണ്ട്. വണ്ടിയുടെ ആർസി ബുക്കും മറ്റും കയറുന്നതിന് മുൻപ് നോക്കാൻ മന്ത്രിക്കാവുമോ? ചിലരുടെ ചോര കുടിക്കാനാണ് ഇങ്ങനെ വാർത്തകൾ നൽകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കോഴിക്കോട് വെസ്റ്റ്ഹില്ലിൽ നടന്ന പരേഡിൽ സ്വീകരിച്ച അഭിവാദ്യമാണ് വിവാദമായത്. കോഴിക്കോട്ടെ കൈരളി കൺസ്ട്രക്ഷൻസിന്റെ വാഹനത്തിലാണ് മന്ത്രി സഞ്ചരിച്ച് അഭിവാദ്യം സ്വീകരിച്ചത്. കരാർ കമ്പനിയുടെ പേര് ദേശീയ പതാക ഉപയോഗിച്ച് മറച്ച നിലയിലായിരുന്നു. കോഴിക്കോട് വെസ്റ്റ്ഹില്ലിലെ വിക്രം മൈതാനിയിലാണ് കോഴിക്കോട് ജില്ലയിലെ റിപ്പബ്ളിക് ദിന പരേഡ് നടന്നത്.
മാവൂർ സ്വദേശിയായ വിപിൻ ദാസിന്റെ ഉടമസ്ഥതയിലുള്ള കൈരളി കൺസ്ട്രക്ഷൻസിന്റെ പേര് എഴുതിയ വാഹനത്തിലാണ് മന്ത്രി അഭിവാദ്യം സ്വീകരിച്ചത്. സാധാരണ നിലയിൽ പോലീസിന്റെ തുറന്ന ജീപ്പാണ് റിപ്പബ്ളിക് ദിന പരേഡിൽ മന്ത്രിമാർ അഭിവാദ്യം സ്വീകരിക്കാനായി ഉപയോഗിക്കാറുള്ളത്. എആർ എആർ ക്യാമ്പിലെ അസി. കമാൻഡന്റിനാണ് ഇതിന്റെ ചുമതല.
എന്നാൽ, കോഴിക്കോട്ട് തുറന്ന ജീപ്പ് ഇല്ലാതിരുന്നതിനാലാണ് സ്വകാര്യ വാഹനം ഉപയോഗിക്കേണ്ടി വന്നതെന്ന് സിറ്റി പോലീസ് കമ്മീഷണർ വ്യക്തമാക്കിയിരുന്നു. അതേസമയം, ദിവസങ്ങൾക്ക് മുന്നേ തന്നെ പോലീസ് തന്റെ വാഹനം ആവശ്യപ്പെട്ടിരുന്നതായി വിപിൻ ദാസും പറഞ്ഞിരുന്നു.
Most Read| അണയില്ല മോനെ! ഒരു നൂറ്റാണ്ടിലേറെയായി പ്രകാശം പരത്തുന്ന ബൾബ്








































