കോഴിക്കോട്: കോടഞ്ചേരി ഇരുവഞ്ഞിപ്പുഴയിലെ പതങ്കയം വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിക്കായി നടത്തിയ തിരച്ചിൽ ഇന്നും വിഫലം. മഴ കനത്തതോടെ വൈകീട്ട് നാലുമണിയോടെ തിരച്ചിൽ അവസാനിപ്പിച്ചു.
മഞ്ചേരിയിൽ നിന്ന് വന്ന ആറംഗ സംഘത്തിൽപ്പെട്ട പ്ളസ് വൺ വിദ്യാർഥി, കച്ചേരിപ്പടി സ്വദേശി അഷ്‌റഫ് വളശ്ശേരിയുടെ മകൻ അലനെയാണ് (18) ഞായറാഴ്‌ച ഉച്ചയോടെ നാരങ്ങാത്തോട് പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായത്. അഗ്‌നിരക്ഷാ സേനയും അതിന് കീഴിലുള്ള സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ്, സ്‌കൂബ ടീം അംഗങ്ങൾ, സിവിൽ ഡിഫൻസ്, അപ്‌താ മിത്ര വോളന്റിയർമാർ, കോടഞ്ചേരി പോലീസ്, റവന്യൂ വകുപ്പ്, വിവിധ സന്നദ്ധ സംഘടനകൾ നാട്ടുകാർ എന്നിവരും തിരച്ചിലിൽ പങ്കെടുത്തു.
ഉൾപ്രദേശങ്ങളിൽ മഴ കനത്ത് പെയ്‌തതോടെ ശക്‌തമായ ഒഴുക്ക് ഉണ്ടായെങ്കിലും അലനുവേണ്ടി തുടർച്ചയായ മൂന്നാം ദിവസവും തിരച്ചിൽ സജീവമാക്കുകയായിരുന്നു. എന്നാൽ, കയങ്ങളുടെ ഉള്ളിലേക്ക് ഇറങ്ങിയുള്ള തിരച്ചിലിലും അലനെ കണ്ടെത്താനായില്ല. 12 മണിയോടെ കനത്ത പുഴയെ തുടർന്ന് പുഴയിൽ മലവെള്ളപ്പാച്ചിൽ തുടങ്ങിയതിനാൽ വെള്ളത്തിൽ ഇറങ്ങിയുള്ള തിരച്ചിൽ നിർത്തി. നാളെയും തിരച്ചിൽ തുടരാനാണ് തീരുമാനം.
മഞ്ചേരി തുറക്കൽ എസ്എംഎസ് എച്ച്എസ്‌എസിലെ പ്ളസ് വൺ വിദ്യാർഥിയായ അലനും സഹപാഠികളും ഞായറാഴ്‌ച പതിനൊന്നരയോടെയാണ് പതങ്കയത്ത് എത്തിയത്. ഒപ്പം വന സഹപാഠി അലനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഒഴുക്കിൽപ്പെട്ടു. ഒരു കല്ലിൽ പിടിത്തം കിട്ടിയ അലന്റെ സഹപാഠിയെ പിന്നീട് സമീപത്തുള്ളവർ ഒരു മുള ഉപയോഗിച്ച് രക്ഷപ്പെടുത്തുകയായിരുന്നു.
Most Read| ഗാസയിൽ പൂർണ അധിനിവേശത്തിന് ആഹ്വാനം ചെയ്‌ത് നെതന്യാഹു; സൈന്യത്തിന് എതിർപ്പ്