തിരുവനന്തപുരം: താൻ മാദ്ധ്യമങ്ങൾക്ക് മുന്നിൽ ഉന്നയിച്ച ആരോപണങ്ങൾ മുഖ്യമന്ത്രിയെ കണ്ട് ശ്രദ്ധയിൽപ്പെടുത്തിയെന്ന് പിവി അൻവർ എംഎൽഎ. എഴുതി കൊടുക്കേണ്ട കാര്യങ്ങൾ എഴുതിക്കൊടുത്തു. സഖാവ് എന്ന നിലയിലാണ് ഈ ഉത്തരവാദിത്തം ഏറ്റെടുത്തത്. മുഖ്യമന്ത്രി എല്ലാ കാര്യങ്ങളും കേട്ടു. സത്യസന്ധമായ അന്വേഷണം നടക്കുമെന്നും അൻവർ പറഞ്ഞു.
സെക്രട്ടറിയേറ്റിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്‌ച നടത്തിയതിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിവി അൻവർ. എഡിജിപി അജിത് കുമാറിനെ മാറ്റി നിർത്തി അന്വേഷണം നടത്തണോ എന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ മുഖ്യമന്ത്രിയും പാർട്ടിയും തീരുമാനിക്കട്ടെയെന്നും അൻവർ പറഞ്ഞു. പാർട്ടി സംസ്‌ഥാന സെക്രട്ടറിക്കും പരാതി നൽകും. അതോടെ തന്റെ ഉത്തരവാദിത്തം തീർന്നു. അന്വേഷണ ഏജൻസിയുമായി സഹകരിക്കുക എന്നതാണ് ഇനി തന്റെ ഉത്തരവാദിത്തമെന്നും അൻവർ വ്യക്‌തമാക്കി.
താങ്കളുടെ പിന്നിൽ ആരാണെന്ന ചോദ്യത്തിന്, എന്റെ പിന്നിൽ സർവശക്‌തനായ ദൈവം മാത്രമാണ് ഉള്ളതെന്നും അൻവർ മറുപടി നൽകി. അജിത് കുമാറിനെ മാറ്റി നിർത്തണോ എന്ന് പാർട്ടി തീരുമാനിക്കട്ടെ. അത് പറയുന്ന ആളല്ല ഞാൻ. കാര്യങ്ങൾ ചൂണ്ടിക്കാണിക്കുക എന്നതാണ് എന്റെ ഉത്തരവാദിത്തം. ആ ഉത്തരവാദിത്തം ഞാൻ ചെയ്‌തിട്ടുണ്ട്. ഇനി ഇത് എങ്ങനെ പോകണമെന്ന് തീരുമാനിക്കുന്നത് പാർട്ടിയും മുഖ്യമന്ത്രിയുമാണ്.
ഉത്തരവാദിത്തത്തോടെ അതിന് അനുസൃതമായ അന്വേഷണത്തിനുള്ള സംവിധാനം ഒരുക്കുമെന്ന് തന്നെയാണ് ഒരു സഖാവെന്ന നിലയിൽ ഞാൻ വിശ്വസിക്കുന്നത്. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും കാര്യങ്ങൾ ഗൗരവത്തോടെ പരിഗണിക്കുമെന്നാണ് കരുതുന്നത്. കേരളാ പോലീസിലെ ഒരുവിഭാഗത്തിന്റെ പെരുമാറ്റം സർക്കാരിന് ഒരുപാട് പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്നുണ്ട്. പോലീസ് എടുക്കേണ്ട നിലപാടും പ്രവർത്തന രീതിയുമല്ല പല ഉദ്യോഗസ്‌ഥരിൽ നിന്നും ജനങ്ങൾക്ക് ഉണ്ടായിട്ടുള്ളത്. ഇത്തരം കാര്യങ്ങളാണ് ഞാൻ ചൂണ്ടിക്കാട്ടിയതെന്നും പിവി അൻവർ കൂട്ടിച്ചേർത്തു.
Most Read| വിവാഹിതരായ പുരുഷൻമാർക്ക് ഉത്തമ വാർധക്യം; പുതിയ പഠനം