തിരുവനന്തപുരം: ബാർക്കോഴ ആരോപണത്തിൽ ജൂഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കടുത്ത പ്രക്ഷോഭം നടത്താൻ യുഡിഎഫ്. ബാർ കോഴയിൽ രണ്ടു മന്ത്രിമാർക്ക് ഉത്തരവാദിത്തമുണ്ടെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ ആരോപിച്ചു.
എക്‌സൈസ് മന്ത്രി എംബി രാജേഷാണ് പോലീസിൽ അന്വേഷണം ആവശ്യപ്പെട്ടത്. ക്രൈം ബ്രാഞ്ച് അന്വേഷിച്ചത് ശബ്‌ദ സന്ദേശത്തെ കുറിച്ചാണ്, ഗൂഢാലോചനയെ കുറിച്ചല്ല. ഈ വിഷയത്തിൽ പോലീസ് നിഷ്‌പക്ഷമായ അന്വേഷണം നടത്തില്ലെന്നുറപ്പാണ്. അതിനാലാണ് യുഡിഎഫ് ജൂഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
ജൂഡീഷ്യൽ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് തെളിയിക്കാനാണ് ക്രൈം ബ്രാഞ്ച് കേസിൽ തെളിവുകൾ ഒന്നുമില്ലെന്ന് സ്‌ഥാപിക്കാൻ ശ്രമിക്കുന്നതെന്നും എംഎം ഹസൻ വിമർശിച്ചു. അബ്‌കാരി നയം ചർച്ച ചെയ്യാനാണ് ടൂറിസം വകുപ്പ് യോഗം വിളിച്ചതെന്ന റിപ്പോർട് പുറത്തുവന്നിരുന്നു. എന്നാൽ, ഇതിനെക്കുറിച്ച് അറിയില്ലെന്നാണ് ടൂറിസം മന്ത്രി പറഞ്ഞത്.
ഡ്രൈ ഡേ മാറ്റി ടൂറിസത്തിലൂടെ വരുമാനം വർധിപ്പിക്കാൻ മാത്രമല്ല, സിപിഎമ്മിന്റെ വരുമാനം കൂടി വർധിപ്പിക്കാനാണ് നീക്കം. അതാണ് ശബ്‌ദ സന്ദേശത്തിൽ നിന്ന് ലഭിക്കുന്ന വിവരം. നിയമസഭാ സമ്മേളനം തുടങ്ങിയ ശേഷം നിയമസഭയിലേക്ക് വിഷയത്തിൽ ജൂഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മാർച്ച് നടത്തുമെന്നും എംഎം ഹസൻ പറഞ്ഞു.
ബാർക്കോഴ ആരോപണത്തിൽ വാട്‍സ് ആപ് സന്ദേശത്തിന്റെ പേരിൽ കേസെടുക്കാൻ തെളിവില്ലെന്നാണ് ക്രൈം ബ്രാഞ്ചിന്റെ നിഗമനം. മദ്യനയം മാറ്റുന്നതിന് പണം പിരിക്കാൻ ബാർ അസോസിയേഷൻ നേതാവ് അനിമോൻ നിർദ്ദേശിക്കുന്ന വാട്‍സ് ആപ് സന്ദേശത്തിന്റെ പേരിൽ കേസെടുക്കാൻ തെളിവില്ലെന്നാണ് ക്രൈം ബ്രാഞ്ചിന്റെ വിശദീകരണം.
Most Read| പോലീസ്- ഗുണ്ടാ ബന്ധം; മുഖ്യമന്ത്രിക്ക് കത്തയച്ച പോലീസുകാരന് സസ്‌പെൻഷൻ