മുംബൈ: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്നശേഷം ഏക്‌നാഥ് ഷിൻഡെയുമായും അജിത് പവാറുമായും കൈകോർക്കാൻ ഉദ്ധവ് താക്കറയോടും ശരത് പവാറിനോടും നിർദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസുമായി ചേർന്ന് ഇല്ലാതാകുന്നതിനേക്കാൾ ഇവർക്കൊപ്പം ചേർന്ന് മുന്നോട്ട് പോകുന്നതാണ് ഇരുകക്ഷികൾക്കും നല്ലതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
‘കഴിഞ്ഞ 40 വർഷമായി സജീവമായി രാഷ്‌ട്രീയ രംഗത്തുള്ള നേതാവ് ബരാമതിയിലെ പോളിങ്ങിന് ശേഷം വ്യാകുലനാണ്. ജൂൺ നാലിന് ശേഷം ചെറിയ പാർട്ടികൾ അതിജീവിക്കുന്നതിന് വേണ്ടി കോൺഗ്രസുമായി ലയിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. വ്യാജ എൻസിപിയും വ്യാജ ശിവസേനയും കോൺഗ്രസുമായി ചേരാൻ തീരുമാനിച്ചു എന്നാണ് ഇത് അർഥമാക്കുന്നത്. കോൺഗ്രസിനൊപ്പം ചേർന്ന് ഇല്ലാതാകുന്നതിനേക്കാൾ അജിത് പവാറുമായും ഏക്‌നാഥ് ഷിൻഡെയുമായി കൈകോർക്കുന്നതാണ് നല്ലത്’- ശരത് പവാറിന്റെ പേര് പരാമർശിക്കാതെ പ്രധാനമന്ത്രി പറഞ്ഞു.
എന്നാൽ, പാർലമെന്ററി ജനാധിപത്യത്തിൽ വിശ്വസിക്കാത്ത ഒരു പാർട്ടിയുമായോ പ്രത്യയശാസ്‌ത്രവുമായോ വ്യക്‌തിയുമായോ സഖ്യത്തിന് തങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് ശരത് പവാർ പ്രതികരിച്ചു.
മോദിയുടെ പ്രസംഗങ്ങൾ സമുദായങ്ങൾക്കിടയിൽ പിളർപ്പ് സൃഷ്‌ടിക്കുന്നതാണ്. ഇത് രാജ്യത്തിന് തന്നെ ആപത്താണ്. രാജ്യതാൽപര്യത്തിന് നിരക്കാത്തതിന് ഞാനോ എന്റെ സഹപ്രവർത്തകരോ തുനിയില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. അടുത്ത രണ്ടുവർഷങ്ങൾക്ക് ഉള്ളിൽ നിരവധി പ്രാദേശിക പാർട്ടികൾ കോൺഗ്രസുമായി ചേരുമെന്നും അദ്ദേഹം പറഞ്ഞു.
Most Read| എസ്എസ്എൽസി പരീക്ഷാ ഫലം കൊടിയത്തൂർ സ്‌കൂളിന് ഇരട്ടി മധുരമല്ല, ‘ഇരട്ട’ മധുരം