മുംബൈ: ഡെൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി എട്ടിന് നടക്കാനായിരിക്കെ, ആംആദ്‌മി പാർട്ടിക്ക് (എഎപി) പിന്തുണ പ്രഖ്യാപിച്ച് ശിവസേനാ ഉദ്ധവ് വിഭാഗം. സംസ്‌ഥാനത്ത് സഖ്യത്തിലുള്ള കോൺഗ്രസിനെ ഡെൽഹിയിൽ തള്ളിയാണ് ഉദ്ധവ് വിഭാഗം എഎപിക്കൊപ്പം നിലയുറപ്പിച്ചത്.
തൃണമൂൽ കോൺഗ്രസിനും സമാജ്‍വാദി പാർട്ടിക്കും പിന്നാലെയാണ് ഉദ്ധവും എഎപിക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, ഡെൽഹിയിൽ എഎപിയെ പിന്തുണയ്‌ക്കുകയാണ് കോൺഗ്രസ് ചെയ്യേണ്ടിയിരുന്നതെന്ന് ശിവസേന അഭിപ്രായപ്പെട്ടു. എന്നാൽ, ഡെൽഹിയിൽ ശിവസേനയ്‌ക്ക് സ്വാധീനമില്ലാത്തതിനാൽ അവരുടെ നിലപാട് കോൺഗ്രസ് കാര്യമാക്കുന്നില്ല.
അതേസമയം, ദേശീയ കെട്ടുറപ്പിനെ സേനാ നീക്കം ബാധിക്കുമെന്നാണ് സൂചന. മുംബൈയിലടക്കം നടക്കാനിരിക്കുന്ന കോർപറേഷൻ തിരഞ്ഞെടുപ്പിലും കോൺഗ്രസ് സഖ്യം വിട്ട് ഒറ്റയ്‌ക്ക് മൽസരിക്കാനാണ് ഉദ്ധവ് പക്ഷത്തിന്റെ നീക്കം. അതിനിടെ, ബിജെപിയുമായി കൂടുതൽ അടുക്കുവാനുള്ള ശ്രമവും ഉണ്ട്. മുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് ചുമതലയേറ്റതിന് പിന്നാലെ ഉദ്ധവ് അദ്ദേഹത്തെ സന്ദർശിച്ച് അഭിനന്ദിച്ചിരുന്നു.
ഉദ്ധവിന്റെ മകനും എംഎൽഎയുമായ ആദിത്യ ഒന്നരമാസത്തിനിടെ മൂന്നുതവണ ഫഡ്‌നാവിസുമായി കൂടിക്കാഴ്‌ച നടത്തുകയും ചെയ്‌തിരുന്നു. ഇന്ത്യാ മുന്നണിയിലെ കക്ഷികളെ ചേർത്ത് നിർത്തുന്നതിൽ മുഖ്യപങ്ക് വഹിക്കേണ്ടത് കോൺഗ്രസ് ആണെന്നും ഇപ്പോഴത്തെ സാഹചര്യത്തിന് ഉത്തരവാദി അവർ തന്നെയാണെന്നും ശിവസേനാ ഉദ്ധവ് വിഭാഗം ആരോപിച്ചു.
Most Read| ഇത് ലോകത്തെ ഏറ്റവും വിലകൂടിയ ബിരിയാണി! 14,000 കിലോയോളം ഭാരം