കണ്ണൂർ: പോലീസുകാരും സൈബർ ഇടങ്ങളിൽ സുരക്ഷിതരല്ലെന്നാണ് കണ്ണൂരിൽ കഴിഞ്ഞ ദിവസം ഉണ്ടായ സംഭവങ്ങൾ നൽകുന്ന സൂചനകൾ. വിജിലൻസ് സിഐ ടി.പി സുമേഷിന്റെ പേരിൽ വ്യാജ ഫേസ്ബുക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടിയെടുക്കാൻ ശ്രമിച്ച കേസാണ് സമൂഹമാദ്ധ്യമങ്ങളിൽ നാം കൂടുതൽ ജാഗ്രത പാലിക്കേണ്ടതിന്റെ പ്രാധാന്യം ഓർമ്മപ്പെടുത്തുന്നത്.
തളിപ്പറമ്പ് സ്വദേശിയായ വിജിലൻസ് സിഐ സുമേഷിന്റെ പേരിൽ അദ്ദേഹമറിയാതെ ഉണ്ടാക്കിയ ഫേസ്ബുക് അക്കൗണ്ടിലൂടെ സുഹൃത്തുക്കളോട് പണം ആവശ്യപ്പെടുകയും അത് സ്വീകരിക്കാനായി ഗൂഗിൾ പേ നമ്പറും നൽകിയാണ് തട്ടിപ്പ് നടത്തിയത്. അദ്ദേഹവുമായി അടുത്ത ബന്ധമുള്ള പലർക്കും ഈ സന്ദേശം ലഭിക്കുകയും അതിലൊരാൾ അക്കൗണ്ടിൽ പണം നിക്ഷേപിക്കുകയും ചെയ്തു. 10,000 രൂപയാണ് സന്ദേശത്തിലൂടെ ആവശ്യപ്പെട്ടത്. പിന്നീട് സന്ദേശം ലഭിച്ച പലരും അദ്ദേഹവുമായി നേരിട്ട് ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് പുറത്തറിഞ്ഞത്.
ഉത്തരേന്ത്യ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സംഘമാണ് ഇതിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. പണം ആവശ്യപ്പെട്ട് കൊണ്ടുള്ള സന്ദേശത്തിൽ നൽകിയ നമ്പറിൽ ബന്ധപ്പെടുമ്പോൾ ഹിന്ദിയിലാണ് മറുപടി ലഭിച്ചതെന്ന് അദ്ദേഹം പറയുന്നു. സിഐയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സൈബർ സെല്ലും അന്വേഷണവുമായി സഹകരിക്കും.