മലപ്പുറം: അന്തരിച്ച കോണ്‍ഗ്രസ് നേതാവും മുന്‍ ഡിസിസി പ്രസിഡണ്ടുമായ അഡ്വ. വിവി പ്രകാശിന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിര്‍മിച്ച് പണം തട്ടാന്‍ ശ്രമിച്ചതായി പരാതി. വ്യാജ ഐഡിയില്‍ നിന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരായ നിരവധി പേര്‍ക്ക് ഫ്രണ്ട് റിക്വസ്റ്റുകളും പണം ആവശ്യപ്പെട്ടുള്ള സന്ദേശങ്ങളും വന്നതായി പരാതിയിൽ പറയുന്നു.
യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ പ്രസിഡണ്ട് ഷാജി പാച്ചേരിയാണ് ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിന് പരാതി നല്‍കിയത്.
വെള്ളിയാഴ്ച രാവിലെ ഊര്‍ങ്ങാട്ടിരി കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി സി ഷാജിയുടെ ഫോണിലേക്ക് വ്യാജ ഐഡിയില്‍ നിന്ന് റിക്വസ്റ്റ് വരികയും പിന്നാലെ ഒരു സഹായം ചെയ്യാമോ എന്ന് ചോദിച്ച് സന്ദേശം വരികയും ചെയ്തിരുന്നു. അത്യാവശ്യമായി 20,000 രൂപ അയക്കാമോയെന്നും നാളെ മടക്കി നല്കാമെന്നുമുള്ള സന്ദേശമായിരുന്നു പിന്നീട് അയച്ചത്.
എന്നാൽ സംശയം തോന്നിയ ഷാജി തന്റെ ഫോണിലേക്ക് വിളിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഗൂഗിള്‍ പേ നമ്പര്‍ കൊടുക്കുകയായിരുന്നു. ഉടനെ വിവി പ്രകാശിന്റെ കുടുംബത്തെ ബന്ധപ്പെടുകയും ഇങ്ങനെ ഒരു ഫേസ്ബുക്ക് ഐഡി അവർ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പു വരുത്തുകയും ആയിരുന്നു.
സമാന രീതിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും അനുഭാവികളുമായ നിരവധി പേര്‍ക്ക് ഈ വ്യാജ അക്കൗണ്ടില്‍ നിന്ന് ഫ്രണ്ട് റിക്വസ്റ്റുകളും സന്ദേശങ്ങളും വന്നിട്ടുണ്ട്.
അതേസമയം മരണപ്പെട്ട ഒരാളുടെ പേരില്‍ ഇത്തരം കള്ളത്തരം നടത്തിയവരെ ഉടൻതന്നെ പിടികൂടണമെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് ഷാജി പാച്ചേരി ആവശ്യപ്പെട്ടു.
Malabar News: നിർമാണം കഴിഞ്ഞ് 34 വർഷം; ഗതാഗത യോഗ്യമാക്കാൻ കഴിയാത്തൊരു പാലം