കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പു കേസിൽ ചോദ്യം ചെയ്യലിനായി കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ നാളെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകില്ല. ഈ മാസം 22ന് ഹാജരാകാമെന്ന് സുധാകരൻ ഇഡിക്ക് അയച്ച കത്തിൽ വ്യക്തമാക്കി. അതേസമയം, തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഡിഐജി എസ് സുരേന്ദ്രനെ ഇഡി ചോദ്യം ചെയ്തു. ഇന്ന് ഉച്ചയോടെയാണ് സുരേന്ദ്രൻ ഇഡിക്ക് മുന്നിൽ ഹാജരായത്.
മോൻസൺ മാവുങ്കലുമായുള്ള ഇടപാടിലെ കള്ളപ്പണ കേസിലാണ് ചോദ്യം ചെയ്തത്. വിദേശത്ത് നിന്നുമെത്തുന്ന രണ്ടരലക്ഷം കോടി രൂപ കൈപ്പറ്റാൻ ഡൽഹിയിലെ തടസങ്ങൾ നീക്കാൻ കെ സുധാകരൻ ഇടപെടുമെന്നും, ഇത് ചൂണ്ടിക്കാട്ടി 25 ലക്ഷം രൂപ വാങ്ങി മോൻസൺ മാവുങ്കൽ വഞ്ചിച്ചുവെന്നും കെ സുധാകരൻ പത്ത് ലക്ഷം രൂപ കൈപ്പറ്റിയെന്നുമാണ് കേസ്.
അതിനിടെ, തട്ടിപ്പ് കേസിൽ ഐജി ലക്ഷ്മൺ മുഖ്യ ആസൂത്രകനാണെന്ന് ക്രൈം ബ്രാഞ്ച് വ്യക്തമാക്കി. ഐജിക്കെതിരെ ഗൂഢാലോചനാക്കുറ്റം ചുമത്തുകയും ചെയ്തിട്ടുണ്ട്. ഐജി അന്വേഷണത്തിൽ നിന്ന് ഒളിച്ചോടാൻ ശ്രമിക്കുകയാണെന്ന് ക്രൈം ബ്രാഞ്ച് ആരോപിച്ചു. അറസ്റ്റ് ഭയന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നത്. പദവി ദുരൂപയോഗം ചെയ്ത് മെഡിക്കൽ രേഖയുണ്ടാക്കിയെന്നും സംശയമുണ്ട്. ആയുർവേദ ചികിൽസയിൽ സംശയമുണ്ടെന്നും ക്രൈം ബ്രാഞ്ച് വ്യക്തമാക്കി.
Most Read| മഹാരാജാസിൽ അധ്യാപകനെ അപമാനിച്ച സംഭവം; കേസെടുക്കില്ലെന്ന് പോലീസ്







































