ഇടുക്കി: മഹാരാജാസ് കോളേജിൽ കാഴ്‌ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തിൽ കേസെടുക്കില്ലെന്ന് പോലീസ്. സംഭവത്തിൽ പരാതിയില്ലെന്ന് അധ്യാപകൻ മൊഴി നൽകിയതിനെ തുടർന്നാണ് കേസെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്ന് എറണാകുളം സെൻട്രൽ പോലീസ് അറിയിച്ചു.
മഹാരാജാസ് കോളേജിലെ പൊളിറ്റിക്കൽ സയൻസ് അധ്യാപകനായ പ്രിയേഷിനെയാണ് വിദ്യാർഥികൾ അപമാനിച്ചത്. രണ്ടു ദിവസം മുമ്പായിരുന്നു സംഭവം. കോളേജ് അധികൃതർ പോലീസിൽ പരാതി നൽകിയിരുന്നു. ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണ നിയമപ്രകാരം കേസെടുക്കണമെന്നായിരുന്നു ആവശ്യം. സംഭവത്തിൽ ആറ് വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്‌തിരുന്നു.
വിഷയം അന്വേഷിക്കാൻ കോളേജിൽ മൂന്നംഗ കമ്മീഷനെ നിയമിച്ചതായും കോളേജ് പ്രിൻസിപ്പൽ അറിയിച്ചു. അതേസമയം, സംഭവത്തിൽ ഗൂഢാലോചന ഉണ്ടെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കെഎസ്‌യു പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള വീഡിയോ തെറ്റായി വ്യാഖ്യാനിച്ചു രാഷ്‌ട്രീയ വിരോധം തീർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് കെഎസ്‌യുവിന്റെ ആരോപണം.
കാഴ്‌ചാ പരിമിതിയുള്ള അധ്യാപകൻ ക്‌ളാസെടുക്കവേ വിദ്യാർഥികൾ അലസമായിരിക്കുകയും മുറിയിൽ കൂടി നടക്കുകയും ചെയ്യുന്ന വീഡിയോ ദൃശ്യം കഴിഞ്ഞ ദിവസമാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ചത്. തുടർന്ന് അധ്യാപകനെ അവഹേളിച്ചതിൽ മഹാരാജാസ് കോളേജിലെ കെഎസ്‌യു യൂണിറ്റ് വൈസ് പ്രസിഡണ്ട് മുഹമ്മദ് ഫാസിൽ ഉൾപ്പടെ ആറ് വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്‌തിരുന്നു.
Most Read| മാത്യു കുഴൽനാടന്റെ കുടുംബവീട്ടിൽ നാളെ റവന്യൂ വിഭാഗം സർവേ