കൊച്ചി: എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്ക് നേരെ വധശ്രമം ഉണ്ടായതിന് പിന്നാലെ എറണാകുളം മഹാരാജാസ് കോളേജ് അനിശ്‌ചിത കാലത്തേക്ക് അടച്ചു. സംഭവവുമായി ബന്ധപ്പെട്ടു വിദ്യാർഥികൾ തമ്മിൽ സംഘർഷം ഉണ്ടാകാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് പ്രിൻസിപ്പലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോളേജ് അടച്ചിടാൻ തീരുമാനിച്ചത്.
എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി നാസർ അബ്‌ദുൽ റഹ്‌മാനാണ് കുത്തേറ്റത്. കാലിനും വയറിന്റെ ഭാഗത്തും കൈക്കും കുത്തേറ്റ വിദ്യാർഥി സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. ഇന്ന് പുലർച്ചെയാണ് സംഭവം. കത്തിക്കുത്തുമായി ബന്ധപ്പെട്ട് 15 പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കെഎസ്‌യു- ഫ്രറ്റേണിറ്റി പ്രവർത്തകർക്ക് എതിരേയാണ് കേസ്.
വധശ്രമം അടക്കം ഒമ്പത് വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. മൂന്നാം വർഷ ഇംഗ്ളീഷ് വിദ്യാർഥി അബ്‌ദുൾ മാലിക്കാണ് ഒന്നാം പ്രതി. അധ്യാപകനെ ആക്രമിച്ച ഫ്രറ്റേണിറ്റി പ്രവർത്തകനെതിരെ പ്രതിഷേധിച്ചതിലുള്ള വിരോധമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. നാസർ അബ്‌ദുൽ റഹ്‌മാൻ നാടകോൽസവത്തിന്റെ ചുമതലക്കാരനാണ്. രാത്രി 12 മണി കഴിഞ്ഞു പരിശീലനത്തിന് ശേഷം താഴേക്ക് ഇറങ്ങുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.
Most Read| അണയില്ല മോനെ! ഒരു നൂറ്റാണ്ടിലേറെയായി പ്രകാശം പരത്തുന്ന ബൾബ്