വയനാട്: ജില്ലയിൽ തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ 32 ശതമാനം മഴയുടെ കുറവ് രേഖപ്പെടുത്തി. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ 1725.5 മില്ലീമീറ്റർ മഴയാണ് ജില്ലയ്‌ക്ക് ലഭിച്ചത്. 2525.5 മില്ലീമീറ്റർ മഴയാണ് ജില്ലയിൽ ഈ കാലയളവിൽ പ്രവചിച്ചിരുന്നത്. പ്രവചിക്കപെട്ട മഴയിൽ 32 ശതമാനം കുറവുണ്ടായി.
അതേസമയം, കഴിഞ്ഞ നാല് വർഷത്തിൽ ഈ കാലയളവിൽ ഏറ്റവും കുറവ് മഴ ലഭിച്ചത് ഈ വർഷമാണ്. സംസ്‌ഥാനത്ത് തന്നെ തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ പ്രതീക്ഷിച്ചതിനേക്കാൾ ഏറ്റവും കുറവ് മഴ ലഭിച്ചത് വയനാട്ടിലാണ്. ഇതിന് മുൻപ് 2017 ലാണ് മഴയിൽ കുറവുണ്ടായത്. 165.2 മില്ലീമീറ്റർ മഴയാണ് 2017ൽ പെയ്‌തത്. അതേസമയം, ഒക്‌ടോബറിൽ പത്ത് ദിവസത്തിനിടെ 150.7 മില്ലീമീറ്റർ മഴയാണ് ജില്ലയിൽ പെയ്‌തത്.
ഈ വർഷം ജൂലൈയിലാണ് ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. 699.1 മില്ലീമീറ്റർ മഴയാണ് ജൂലൈയിൽ പെയ്‌തത്. ജൂണിൽ 402.2, ഓഗസ്‌റ്റിൽ 345.1, സെപ്റ്റംബറിൽ 279.4 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ മാത്രം അഞ്ഞൂറ് മില്ലീമീറ്ററിനടുത്ത് മഴ പെയ്‌തിരുന്നു. അതേസമയം, ജില്ലയിൽ വരും ദിവസങ്ങളിലും ശക്‌തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.
Most Read: ഉത്ര വധക്കേസ്; കോടതിവിധിയിൽ ഏറെ സന്തോഷമെന്ന് എസ്‌പി







































