അമിത പ്രതീക്ഷകളുടെ ഭാരമില്ലാതെ തിയേറ്ററിൽ കയറിയാൽ ആസ്വദിച്ച് ഇറങ്ങാവുന്ന ചിത്രമാണ് മോൺസ്‌റ്റർ. ഫീൽ ഗുഡ് തീമിൽ ആരംഭിച്ച് ത്രില്ലർ ട്രാക്കിലേക്കും സൂപ്പർ ഫയറ്റും അപ്രതീക്ഷിത ട്വിസ്‌റ്റുകളുടെ ക്ളൈമാക്‌സും നൽകി അവസാനിക്കുന്ന മോൺസ്‌റ്റർ നിരാശപ്പെടുത്തില്ല. കുറച്ചു ഓവർ ആക്റ്റിങ് ഒഴിച്ചു നിറുത്തിയാൽ, 10ൽ 6.5 റേറ്റിങ് നൽകാവുന്ന ഒരു കമേഴ്‌സ്യൽ മാസ് സിനിമയാണ് ‘മോൺസ്‌റ്റർ’.

എട്ട് മാസങ്ങൾക്ക് ശേഷം എത്തുന്ന മോഹൻലാൽ ചിത്രമെന്ന നിലയിലും പുലിമുരുകൻ ടീമിന്റെ രണ്ടാം വരവ് എന്നനിലയിലും തിയേറ്ററിനെ ഇളക്കിമറിച്ച് ആഘോഷമാക്കിയാണ് ആരാധകർ മോൺസ്‌റ്ററിനെ സ്വീകരിച്ചത്. എന്നാൽ, സിനിമയെ ആരംഭദിവസം തന്നെ ‘ഡി ഗ്രേഡ്’ ചെയ്‌ത് മോശമാക്കാനുള്ള ശ്രമം നടക്കുന്നതായും സൂചനകളുണ്ട്.
ആദ്യപകുതിയിൽ കുടുംബങ്ങളുടെയും കുട്ടികളുടെയും ഇഷ്‍ടനടനായ മോഹൻലാലിനെയും രണ്ടാം പകുതിയിൽ യുവനിരയുടെ ഇഷ്‌ടമായ മോഹൻലാലിനെയും നമുക്ക് കാണാം. ഒപ്പം, ഹണി റോസും ലക്ഷ്‌മി മഞ്‌ജുവും പരിമിതികളെ മറികടന്നുള്ള അഭിനയം കാഴ്‌ച വെച്ചിട്ടുണ്ട്. പ്രതീക്ഷകളുടെ അമിത ഭാരമില്ലാതെ പോയാൽ, കുടുംബവുമൊത്ത് രസകരമായി കണ്ടിരിക്കാവുന്ന സിനിമയാണ് മോൺസ്‌റ്റർ.
ആദ്യപകുതിയിലെ മോശമല്ലാത്ത ‘പഴയ മോഹൻലാൽ’ പെർഫോമൻസും രണ്ടാം പകുതിയിലെ തകര്‍പ്പന്‍ ഫൈറ്റും കുറ്റാന്വേഷണവും മോണ്‍സ്‌റ്ററിനെ കൊള്ളാവുന്ന നിലവാരമുള്ള ചിത്രമാക്കിയെന്നാണ് ആരാധക പക്ഷം. തിരക്കഥയിൽ പോരായ്‌മകൾ ഉണ്ടങ്കിലും അത് മോഹന്‍ലാലിന്റെ കൗണ്ടറുകള്‍ കൊണ്ടും ഡാന്‍സ് കൊണ്ടും ബോറടിപ്പിക്കാതെ മുന്നോട്ടുകൊണ്ടു പോകാൻ പ്രേക്ഷകനെ സഹായിക്കുന്നുണ്ട്.

ഹണിറോസിനൊപ്പം ചിത്രത്തിൽ നായികയായി എത്തുന്ന നടന്‍ മോഹന്‍ബാബുവിന്റെ മകളും നടിയുമായ ലക്ഷ്‌മി മഞ്‌ജുവും മോഹൻലാലും തമ്മിലുള്ള സംഘട്ടനരംഗം മനോഹരമായി ചെയ്‌തിട്ടുണ്ട്. ലക്ഷ്‌മിയുടെ ആദ്യ മലയാള സിനിമ കൂടിയാണിത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് മോൺസ്‌റ്റർ നിർമിച്ചിരിക്കുന്നത്. വൈശാഖ് സംവിധാനം ചെയ്‌ത സിനിമക്ക് ഉദയകൃഷ്‌ണയുടേതാണ് തിരക്കഥ. പുലിമുരുകന്റെയും തിരക്കഥ ഇദ്ദേഹമായിരുന്നു.

സിദ്ദീഖ്, ഗണേഷ് കുമാര്‍, സുദേവ് നായർ, ലെന, ജോണി ആന്റണി, കോട്ടയം രമേശ്, കൈലാഷ്, ഇടവേള ബാബു, സാധിക വേണുഗോപാൽ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. ദീപക് ദേവ് ഈണം നൽകിയ ഗാനങ്ങളും പാശ്‌ചാത്തല സംഗീതവും സതീഷ് കുറുപ്പിന്റെ ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദിന്റെ എഡിറ്റിങ്ങും സിൽവയുടെ സംഘട്ടനവും ചിത്രത്തെ മാസ് എന്റർടൈനർ തലത്തിലേക്ക് ഉയർത്തിയിട്ടുണ്ട്.
Most Read: സായിബാബ ജയിലിൽ തുടരും; കുറ്റമുക്‌തനാക്കിയ വിധി മരവിപ്പിച്ച് സുപ്രീംകോടതി








































