തിരുവനന്തപുരം: സമരം ഒത്തുതീർപ്പായെങ്കിലും എയർ ഇന്ത്യ എക്‌സ്‌പ്രസ് സർവീസുകളിൽ പ്രതിസന്ധി തുടരുന്നു. എയർ ഇന്ത്യയുടെ കൂടുതൽ വിമാനങ്ങൾ ഇന്നും റദ്ദാക്കി. കരിപ്പൂർ, നെടുമ്പാശേരി, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്നുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. നെടുമ്പാശേരിയിൽ നിന്നുള്ള രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കി. 8.35ന് ദമാമിലേക്കും 9.30ന് ബഹ്‌റൈനിലേക്കുമുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്.
കണ്ണൂരിൽ നിന്ന് മസ്ക്കറ്റ്, റിയാദ് വിമാനങ്ങളും റദ്ദാക്കി. 1.20ന് പുറപ്പെടേണ്ട ജിദ്ദ വിമാനം വൈകുമെന്നും അധികൃതർ അറിയിച്ചു. കരിപ്പൂരിൽ നിന്ന് 8.25ന് പുറപ്പെടേണ്ട ദുബായ് വിമാനമാണ് റദ്ദാക്കിയത്. രോഗാവധിയെടുത്ത ജീവനക്കാർ തിരികെ പ്രവേശിക്കുന്നതിന് മുമ്പുള്ള ഫിറ്റ്നസ് പരിശോധന അടക്കമുള്ള കാരണങ്ങളാലാണ് സർവീസുകൾ മുടങ്ങുന്നതെന്നാണ് സൂചന.
നാളെയോടെ ഏകദേശം പൂർവസ്‌ഥിതിയിലേക്ക് വരുമെന്നാണ് കമ്പനി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ജീവനക്കാരുടെ മിന്നൽ പണിമുടക്ക് മൂലം 30 കോടി രൂപ കമ്പനിക്ക് നഷ്‌ടമുണ്ടായതായാണ് വിവരം. ഇതേക്കുറിച്ചു സ്‌ഥാപനം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വ്യാഴാഴ്‌ച വൈകിട്ട് ചീഫ് ലേബർ കമ്മീഷണറുടെ മധ്യസ്‌ഥതയിൽ ചർച്ചയിലാണ് സമരം ഒത്തുതീർപ്പായത്. മിന്നൽ പണിമുടക്കിന്റെ പേരിൽ പിരിച്ചുവിട്ട 25 പേരെ തിരിച്ചെടുത്തു. മൂന്ന് ദിവസത്തിനിടെ 245 സർവീസുകളാണ് മുടങ്ങിയത്.
Most Read| ജനങ്ങളെ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കരുത്; സിപിഎമ്മിനോട് വിഡി സതീശൻ