പാലക്കാട്: വാളയാർ അതിർത്തിയിൽ ഇന്ന് മുതൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഇന്നുമുതൽ കേരളത്തിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കുന്ന സാഹചര്യത്തിലാണ് അതിർത്തിയിൽ നിയന്ത്രണം കർശനമാക്കുന്നതെന്ന് അധികൃതർ പറഞ്ഞു. ഇന്ന് മതിയായ രേഖലകൾ കൈവശം ഇല്ലാത്ത വാഹനങ്ങൾ അതിർത്തികടത്താതെ തിരിച്ചു വിടുമെന്നും കേരള, തമിഴ്‌നാട് പോലീസ് അറിയിച്ചു.
രണ്ടു ഡോസ് കോവിഡ് പ്രതിരോധ കുത്തിവെപ്പെടുത്ത സർട്ടിഫിക്കറ്റോ 72 മണിക്കൂറിന് മുമ്പെടുത്ത ആർടിപിസിആർ പരിശോധനാ ഫലത്തിന്റെ സർട്ടിഫിക്കറ്റോ ഇല്ലാത്തവരെ തമിഴ്‌നാട്ടിലേക്ക് കടത്തിവിട്ടില്ല. സ്‌ഥിരമായി കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് പോയി ജോലി ചെയ്യുന്നവർക്ക് കോവിഡ് പോർട്ടലിൽ നിന്ന് ലഭിക്കുന്ന പാസ് മാത്രം മതി. ചരക്കു വാഹനങ്ങൾ ഉൾപ്പടെയുള്ള വലിയ വാഹനങ്ങൾ അതിർത്തിവഴിയും, അല്ലാത്തവയെ സർവീസ് റോഡ് വഴിയുമാണ് കടത്തിവിടുക.
കേരളത്തിലേക്ക് വരുന്നവരുടെ ആർടിപിസിആർ പരിശോധനാ ഫലത്തിന്റെ സർട്ടിഫിക്കറ്റോ രണ്ടു ഡോസ് കുത്തിവെപ്പെടുത്ത സർട്ടിഫിക്കറ്റോ കേരള പോലീസ് പരിശോധിച്ചതിന് ശേഷമാണ് കടത്തിവിടുക. അതിർത്തിയിൽ രണ്ടു ദിവസങ്ങളിലായി ഉണ്ടായിരുന്ന കേരള ആരോഗ്യവകുപ്പിന്റെ മൊബൈൽ കോവിഡ് പരിശോധനാ കേന്ദ്രം ഇന്നലെ പ്രവർത്തിച്ചിരുന്നില്ല.
എന്നാൽ, തമിഴ്‌നാട് സർക്കാരിന്റെ സൗജന്യ ആർടിപിസിആർ പരിശോധന അതിർത്തിയിൽ ഇന്നും തുടരുമെന്ന് പോലീസ് പറഞ്ഞു. പ്രത്യേകം സജ്ജമാക്കിയ സ്‌ഥലത്താണ് പരിശോധന നടത്തുന്നത്. പണം ഈടാക്കിയാണ് അതിർത്തിയിൽ കോവിഡ് പരിശോധന നടത്തുന്നത്.
Read Also: കർഷക സമരം ശക്‌തമാകുന്നു; തമിഴ്‌നാട്ടിൽ നിന്നുള്ള കർഷകരുടെ മാർച്ച് ഇന്ന്







































