തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അതിതീവ്ര കോവിഡ് വ്യാപനം. ഞായറാഴ്ച നടത്തിയ പരിശോധനയില്‍ 145 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 144 തടവുകാര്‍ക്കും ഒരു ജയില്‍ ജീവനക്കാരനുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 298 സാമ്പിളുകളാണ് പരിശോധനക്കയച്ചിരുന്നത്. നേരത്തെ 217 പേര്‍ക്ക് ജയിലില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നത്
ആശങ്കയ്ക്കിടയാക്കുകയാണ്. അതേസമയം ജയിലില്‍ കൂടുതല്‍ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം (സിഎഫ്എല്‍ടിസികള്‍) സജ്ജമാക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
ഞായറാഴ്ച ഒന്ന്, രണ്ട്, മൂന്ന് നമ്പര്‍ ബ്ലോക്കുകളിലെ 296 തടവുകാരെയും രണ്ട് ജീവനക്കാരെയുമാണ് കോവിഡ് പരിശോധനക്ക് വിധേയരാക്കിയത്. ഓഗസ്റ്റ് 11 മുതലാണ് ജയിലില്‍ പരിശോധന ആരംഭിച്ചത്. ഇന്നലെ വിചാരണ തടവുകാരനായിരുന്ന മണികണ്ഠന്‍ (72) കോവിഡ് ബാധിച്ചു മരണപ്പെട്ടതോടെ അധികൃതര്‍ പരിശോധന ത്വരിതഗതിയിലാക്കുകയായിരുന്നു. ജയിലില്‍ ആദ്യമായി കോവിഡ് സ്ഥിരീകരിച്ച വ്യക്തിയായിരുന്ന മണികണ്ഠന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയവെയാണ് മരണപ്പെട്ടത്.
ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളുടെ സാമ്പിള്‍ പരിശോധനക്കയച്ചപ്പോള്‍ ഫലം പോസിറ്റീവ് ആവുകയായിരുന്നു. അടുത്തിടെ പരോളില്‍ പോലും ഇറങ്ങാതിരുന്ന മണികണ്ഠന് രോഗബാധ എങ്ങനെ ഉണ്ടായി എന്നതില്‍ ഇതുവരെയും വ്യക്തത വന്നിട്ടില്ല.
തലസ്ഥാനത്തു മൊത്തം കോവിഡ് കേസുകളുടെ എണ്ണത്തില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആശങ്കപ്പെടുത്തുന്ന വര്‍ധനവാണ് കാണാന്‍ കഴിയുന്നത്. പൂജപ്പുര ഉള്‍പ്പെടെയുള്ള അടച്ചിട്ട ജയിലുകളില്‍ പോലും വലിയ തോതില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നത് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ആയിരത്തോളം തടവുകാരാണ് വിവിധ ബ്ലോക്കുകളിലായി ഇവിടെ തടവില്‍ കഴിയുന്നത്. കൂടുതല്‍ പോസിറ്റിവ് കേസുകള്‍ വന്നതോടെ പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കുകയാണ് ജയില്‍ അധികൃതരും ആരോഗ്യ പ്രവര്‍ത്തകരും.







































