ന്യൂഡെൽഹി: തമിഴ്നാട്ടിലും കർണാടകയിലും ഇന്ന് മുതൽ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ. ഇരു സംസ്ഥാനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതും, തിയേറ്ററുകൾ തുറക്കുന്നതും ഉൾപ്പടെയുള്ള ഇളവുകളാണ് ഇന്ന് മുതൽ ലഭിക്കുക.
സ്കൂളുകളും പ്രീ യൂണിവേഴ്സിറ്റി കോളേജുകളും കർണാടകയിൽ ഇന്ന് മുതൽ വീണ്ടും പ്രവർത്തനമാരംഭിക്കും. 9 മുതൽ 12 വരെയുള്ള ക്ളാസുകൾ തുറക്കാനാണ് നിലവിൽ അനുമതി നൽകിയിരിക്കുന്നത്. കൂടാതെ ടിപിആർ 2 ശതമാനത്തിൽ കുറവുള്ള ജില്ലകളിൽ ആയിരിക്കും സ്കൂളുകൾ തുറക്കുക. വിദ്യാര്‍ഥികളെ രണ്ടു ബാച്ചായി തിരിച്ച് ഒന്നിടവിട്ട ദിവസങ്ങളില്‍ ഉച്ച വരെയാണ് ക്ളാസ് എടുക്കുക. അതേസമയം ഡിഗ്രി ഉൾപ്പടെയുള്ള ക്ളാസുകൾ സംസ്ഥാനത്ത് കഴിഞ്ഞ മാസം തന്നെ തുറന്നിരുന്നു.
സിനിമ തിയേറ്ററുകൾ, ബാറുകൾ എന്നിവക്ക് തമിഴ്നാട്ടിൽ ഇന്ന് മുതൽ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാൻ സാധിക്കും. 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ചായിരിക്കും തിയേറ്ററുകൾ പ്രവർത്തിക്കുക. ബീച്ച്, നീന്തല്‍കുളം, ബൊട്ടാണിക്കല്‍ ഗാര്ഡന്, മൃഗശാല എന്നിവിടങ്ങളിലും തമിഴ്നാട്ടിൽ പ്രവേശനാനുമതി നല്‍കിയിട്ടുണ്ട്. കൂടാതെ അടുത്ത മാസം ഒന്നാം തീയതി മുതൽ സംസ്ഥാനത്തെ 9 മുതല്‍ 12 വരെയുള്ള ക്ളാസുകളും കോളജുകളിലെ അധ്യയനവും ആരംഭിക്കും.
Read also: ഓൺലൈൻ ചതിക്കുഴികൾ പലവിധം; സംസ്ഥാനത്ത് നടന്നത് 4 കോടിയുടെ തട്ടിപ്പ്







































