ന്യൂഡെൽഹി: യുക്രൈനിലെ യുദ്ധഭൂമിയിൽ നിന്ന് 20,000ത്തിൽ അധികം ഇന്ത്യക്കാരെ സുരക്ഷിതമായി തിരികെയെത്തിക്കാൻ സാധിച്ചുവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. സുമിയിൽ കുടുങ്ങിയിരുന്ന മുഴുവൻ വിദ്യാർഥികളും ഏതാനും മണിക്കൂറുകൾക്കകം ട്രെയിൻ മാർഗം ലിവീവിയയിൽ എത്തും. ഇതിന് ശേഷം എല്ലാവരെയും എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള തയ്യാറെടുപ്പുകൾ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സുമിയിൽ നിന്നുള്ളവർ കൂടി നാട്ടിൽ എത്തുന്നതോടെ ഓപ്പറേഷൻ ഗംഗ അവസാനിക്കും. യുദ്ധഭൂമിയിൽ കുടുങ്ങിയ വിദ്യാർഥികൾ കഷ്ടപ്പെട്ടുവെന്നത് വസ്തുതയാണ്. എന്നാൽ അവരുടെയെല്ലാം സുരക്ഷക്കാണ് കേന്ദ്രസർക്കാർ പ്രാധാന്യം നൽകിയത്. സുരക്ഷ ഉറപ്പുവരുത്താൻ ഇന്ത്യയുടെ നയതന്ത്ര ശേഷിക്ക് സാധ്യമായി. ഇത് ആദ്യമായല്ല രാജ്യത്തിന്റെ നയതന്ത്ര ശേഷി പ്രകടമാകുന്നത്. മുൻപ് ഇറാഖിലെ യുദ്ധഭൂമിയിൽ നിന്ന് ഇതേ സാഹചര്യത്തിൽ മലയാളികൾ അടക്കമുള്ള നഴ്സുമാരെ ഇന്ത്യയുടെ നയതന്ത്ര ശേഷിലൂടെ തിരികെ എത്തിക്കാൻ സാധിച്ചിരുന്നു എന്നും മന്ത്രി പറഞ്ഞു.
രക്ഷാദൗത്യത്തിനിടെ പല വിമർശനങ്ങളും ഉയർന്നിരുന്നു. എങ്കിലും, സുരക്ഷാ ദൗത്യം ഒരുതരത്തിലുള്ള മാറ്റങ്ങളുമില്ലാതെ കൃത്യമായി മുന്നേറി. യുദ്ധം ശക്തമായതോടെ യുക്രൈനിൽ നിന്ന് തിരിച്ചുവരാനായി രജിസ്റ്റർ ചെയ്തവരുടെ എണ്ണം 20,000ത്തിൽ താഴെയായിരുന്നുവെങ്കിലും 20,000ത്തിലധികം പേരെ യുക്രൈനിൽ നിന്ന് ഒഴിപ്പിച്ച് നാട്ടിലെത്തിക്കാൻ സാധിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.
ഇന്ത്യയിലേക്ക് തിരിച്ചുവരാനായി രജിസ്റ്റർ ചെയ്ത ആരും തന്നെയും യുക്രൈനിൽ കുടുങ്ങി കിടക്കുന്നില്ലെന്നാണ് വിവരം. വ്യാവസായിക താൽപര്യങ്ങളും മറ്റുമുള്ള ഇന്ത്യക്കാർ ഇനിയും യുക്രൈനിൽ ഉണ്ടാകാം. അവർ തിരിച്ചുവരാൻ ആഗ്രഹം പ്രകടിപ്പിക്കാത്തതിനാൽ ഓപ്പറേഷൻ ഗംഗയുടെ ഭാഗമാകില്ല. അടുത്ത ഒന്ന് രണ്ട് ദിവസത്തിനുള്ളിൽ ഓപ്പറേഷൻ ഗംഗയുടെ ഇപ്പോഴത്തെ ഘട്ടം അവസാനിക്കും. തിരിച്ചെത്തിയ വിദ്യാർഥികളുടെ തുടർ വിദ്യാഭ്യാസം അടക്കമുള്ള കാര്യങ്ങളിൽ സർക്കാർ ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.
Most Read: രാജീവ് ഗാന്ധി വധക്കേസ്; 32 വർഷത്തിന് ശേഷം പേരറിവാളന് ജാമ്യം







































