തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോര്‍ വാഹന വകുപ്പ് നിയമ വിരുദ്ധമായി ഒരു പിഴയും ഈടാക്കുന്നില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. കഴിഞ്ഞ ദിവസങ്ങളിലായി മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയെ വിമര്‍ശിച്ച് കൊണ്ട് സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് സംസ്ഥാനത്ത് പരിശോധന നടത്തി വരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ക്യാമറയുടെ സഹായത്തോടെ നിയമലംഘനം കണ്ടെത്തി വാഹനങ്ങള്‍ക്ക് പിഴ ഈടാക്കുകയോ പിഴ നല്‍കാത്ത കേസുകള്‍ വെര്‍ച്വല്‍ കോര്‍ട്ടുകളിലേക്ക് കൈമാറുകയോ ചെയ്യുകയാണ് ഇപ്പോഴത്തെ രീതി. അതിനാല്‍, ആരുടെയെങ്കിലും സഹായത്തോടെ പിഴ ഒഴിവാക്കാന്‍ നിലവില്‍ സാധിക്കില്ലെന്നും മന്ത്രി അറിയിച്ചു.
പിഴ ചുമത്തുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ആരില്‍ നിന്നും തനിക്ക് പരാതി ഇതുവരെ ലഭിച്ചിട്ടില്ലെന്നും അതിനാല്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹന പരിശോധന കുറ്റമറ്റതും നിയമം കര്‍ശനമായി പാലിക്കുന്നതുമാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.





































