കൊച്ചി: കളമശ്ശേരിയിൽ കുഴിയെടുക്കുന്നതിനിടെ മണ്ണ് ഇടിഞ്ഞുവീണ് നാല് തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. കളമശ്ശേരിയിൽ നെസ്റ്റ് ഗ്രൂപ്പിന്റെ ഇലക്ട്രോണിക്സ് സിറ്റി നിർമാണം നിർത്തിവെക്കുമെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് അറിയിച്ചു. സുരക്ഷാ വീഴ്ച എഡിഎം അന്വേഷിക്കും. അന്വേഷണ റിപ്പോർട്ടിന് ശേഷം തുടർ നടപടി തീരുമാനിക്കുമെന്നും കളക്ടർ അറിയിച്ചു.
എഡിഎമ്മിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി അഞ്ച് ദിവസത്തിനകം റിപ്പോർട് നൽകാനാണ് നിർദ്ദേശം. ഷംസുദ്ദീൻ എന്നയാളാണ് നിർമാണത്തിന്റെ സബ് കോൺട്രാക്ട് എടുത്തിരിക്കുന്നത്. അപകടത്തിൽ പശ്ചിമ ബംഗാള്‍ സ്വദേശികളായ നാല് തൊഴിലാളികളാണ് മരിച്ചത്. അപകടത്തില്‍പെട്ട എല്ലാവരും ഇതര സംസ്ഥാന തൊഴിലാളികളാണ്. ഇവരില്‍ അഞ്ച് പേരെ രക്ഷപ്പെടുത്തി. മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി തിരച്ചിൽ ഊർജിതമായി നടക്കുന്നുണ്ട്.
മണ്ണിനടിയില്‍ നിന്ന് രക്ഷപ്പെടുത്തിയവരെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിർമാണ പ്രവര്‍ത്തനങ്ങള്‍ക്കായി കുഴിയെടുക്കുന്നതിനിടെ മണ്ണ് ഇടിഞ്ഞ് കുഴിയിലുണ്ടായിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. അതിനിടെ സംഭവത്തില്‍ നാട്ടുകാരുടെ പ്രതിഷേധം നടക്കുകയാണ്. മണ്ണിടിച്ചില്‍ ഭീഷണിയുള്ള പ്രദേശമല്ല ഇതെന്നും അനധികൃതമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതാണ് ദുരന്തത്തിന് വഴിവെച്ചതെന്നും നാട്ടുകാർ ആരോപിക്കുന്നു.
Most Read: കൂട്ടസ്ഥലം മാറ്റം; കാസർഗോഡ് ടാറ്റ കോവിഡ് ആശുപത്രിയുടെ ഭാവി പ്രതിസന്ധിയിൽ







































