ന്യൂ ഡെൽഹി: രാജ്യത്തെ അതിസമ്പന്നരുടെ പട്ടികയിൽ തുടർച്ചയായി 13-ാം തവണയും ഒന്നാം സ്ഥാനം നേടി റിലയൻസ് ചെയർമാൻ മുകേഷ് അംബാനി. ഫോർബ്സ് മാസിക പുറത്തുവിട്ട പട്ടിക പ്രകാരം അംബാനിയുടെ ആകെ ആസ്തി 88.7 ബില്യൺ യുഎസ് ഡോളറാണ്. നരേന്ദ്ര മോദിയുടെ ഏറ്റവും അടുത്ത അദാനി ഗ്രൂപ്പിന്റെ ചെയർമാൻ ഗൗതം അദാനിയാണ് പട്ടികയിൽ രണ്ടാമത്. കഴിഞ്ഞ വർഷവും അദാനി തന്നെയായിരുന്നു മുകേഷ് അംബാനിക്ക് പുറകിൽ. 25.2 ബില്യൺ യുഎസ് ഡോളറാണ് ഗൗതം അദാനിയുടെ ആസ്തി.
എച്ച്സിഎൽ ടെക് ചെയർമാൻ ശിവ് നാടാർ മൂന്നു സ്ഥാനങ്ങൾ മെച്ചപ്പെടുത്തി പട്ടികയിൽ മൂന്നാമത് എത്തി. 20.4 ബില്യൺ യുഎസ് ഡോളറാണ് ഇദ്ദേഹത്തിന്റെ കമ്പനിയുടെ മൂല്യം.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലും ജിയോ, റിലയൻസ് റീട്ടെയിൽ തുടങ്ങിയ സ്ഥാപനങ്ങൾ വഴി ഏകദേശം 20 ബില്യൺ കോടിയുടെ നിക്ഷേപമാണ് കമ്പനി സ്വീകരിച്ചത്. ഫേസ്ബുക്, ഗൂഗിൾ, സിൽവർ ലെക് തുടങ്ങിയ പ്രമുഖർ നിക്ഷേപം നടത്തിയവരിൽ ഉൾപ്പെടുന്നു. കഴിഞ്ഞ ഒരു വർഷത്തിന് ഇടയിൽ ഇന്ത്യയിലെ ആദ്യ നൂറു സ്ഥാനത്തുള്ള സമ്പന്നരുടെ ആസ്തിയിൽ 14 ശതമാനം വർദ്ധനവാണ് ഉണ്ടായത്. ഏകദേശം 517 ബില്യൺ യുഎസ് ഡോളറോളം വരുമിത്.
Also Read: ഡിജിറ്റല്‍ ഇടപാടുകളില്‍ ഇന്ത്യ വീണ്ടും ലോകത്തില്‍ ഒന്നാമത്
പട്ടികയിൽ പുതുതായി കടന്നു വന്നവരും ഉണ്ട്. ഇൻഫോ എഡ്ജ് സഹ സ്ഥാപകൻ സഞ്ജീവ് ബിഖ്ചന്ദനി, സെറോദ ബ്രോക്കിങ് സ്ഥാപകരായ നിതിൻ കാമത്ത്, നിഖിൽ കാമത്ത് എന്നിവരാണ് പുതുമുഖങ്ങൾ.







































