തിരുവനന്തപുരം: നടിയുടെ ലൈംഗികപീഡന പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതോടെ നടനും എംഎൽഎയുമായ മുകേഷ് കുടുക്കിൽ. മുകേഷിനെ സിപിഎം കൈവിട്ടേക്കും. അറസ്‌റ്റുണ്ടായാൽ രാജിയും സുനിശ്‌ചിതം. കൊച്ചിയിലെ നടിയുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം മരട് പോലീസാണ് മുകേഷിനെതിരെ കേസെടുത്തത്. സിനിമയിൽ അവസരം വാഗ്‌ദാനം ചെയ്‌ത് ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് നടിയുടെ മൊഴി.
ആരോപണം ഉയർന്നതിനെ തുടർന്ന് ചലച്ചിത്ര നയരൂപീകരണ സമിതിയിൽ നിന്ന് മാറിനിൽക്കേണ്ടി വരുമെന്ന സൂചന മുകേഷിന് പാർട്ടി നേതൃത്വം നൽകിയതിന് പിന്നാലെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മുകേഷിനെ സംരക്ഷിക്കാനോ ന്യായീകരിക്കാനോ രംഗത്തിറങ്ങേണ്ടതില്ലെന്നാണ് സിപിഎം നിലപാട്. ആരോപണം ഉയർന്ന ഘട്ടത്തിൽ രാജി ആവശ്യം പ്രസക്‌തം അല്ലെന്നായിരുന്നു സിപിഎം നിലപാട്.
എന്നാൽ, സിനിമാ മേഖലയെ പിടിച്ചുലയ്‌ക്കുന്ന രീതിയിൽ ആരോപണങ്ങൾ ശക്‌തമായതോടെ പാർട്ടി നിലപ്പാട് മാറ്റി. മുകേഷ് രാജിവെക്കണമെന്ന് സിപിഐ നേതാവ് ആനി രാജയും ആവശ്യപ്പെട്ടു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ വിമർശനവും ഉയർന്നിരുന്നു. മുകേഷിനെതിരെ സിപിഎമ്മിൽ ഏറെക്കാലമായി വിമർശനങ്ങൾ ഉയരുന്നുണ്ട്.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് വിമർശനങ്ങൾക്ക് മൂർച്ച കൂടിയത്. ഒന്നരലക്ഷം വോട്ടിന് എൻകെ പ്രേമചന്ദ്രനോട് പരാജയപ്പെട്ടതോടെ ജില്ലാ ഘടകം മുകേഷിനെതിരെ തിരിഞ്ഞു. മുകേഷ് പാർട്ടിക്ക് വിധേയനല്ലെന്നും നേതൃത്വത്തെ അംഗീകരിക്കുന്നില്ലാ എന്നുമായിരുന്നു പ്രധാന വിമർശനം. എംഎൽഎ എന്ന നിലയിൽ പാർട്ടിയുമായി യോജിച്ചു പ്രവർത്തിക്കുന്നില്ലെന്നും ആരോപണം ഉയർന്നു.
മുകേഷ് സിപിഎം അംഗമല്ല. അതിനാൽ പാർട്ടിതല നടപടികൾ ഉണ്ടാകില്ല. പാർട്ടി ചിഹ്‌നത്തിലാണ് മുകേഷ് മൽസരിച്ചത്. നടിയുടെ മൊഴി പരിശോധിച്ച ശേഷം മുകേഷിനെ പോലീസ് ചോദ്യം ചെയ്യും. തെളിവുകൾ എതിരായാൽ അറസ്‌റ്റിലേക്കും കടക്കേണ്ടിവരും. 2016ലാണ് മുകേഷ് ഇടതു സ്വതന്ത്രനായി കൊല്ലം നിയോജക മണ്ഡലത്തിൽ നിന്ന് 17,611 വോട്ടിന് വിജയിച്ചത്.
Most Read| 116ആം വയസിൽ ലോക മുത്തശ്ശി റെക്കോർഡ്; കൊടുമുടി കീഴടക്കിയത് രണ്ടുതവണ