തിരുവനന്തപുരം: പോക്‌സോ കേസ് പ്രതിയായ വ്‌ളോഗർ മുകേഷ് എം നായരെ സ്‌കൂൾ പ്രവേശനോൽസവത്തിൽ പങ്കെടുപ്പിച്ച സംഭവത്തിൽ ഇടപെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംഭവത്തിൽ വിശദീകരണം തേടിയ മന്ത്രി, അടിയന്തിരമായി വിഷയം അന്വേഷിച്ച് റിപ്പോർട് നൽകാൻ തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്‌ടർക്ക് നിർദ്ദേശം നൽകി.
തിങ്കളാഴ്‌ച, ഫോർട്ട് ഹൈസ്‌കൂളിൽ പ്രവേശനോൽസവത്തിന് മുകേഷ് നായർ പങ്കെടുത്തതാണ് വിവാദമായത്. കോവളത്തെ റിസോർട്ടിൽ വെച്ച് റീൽസ് ചിത്രീകരണത്തിനിടെ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ ശരീരഭാഗങ്ങളിൽ സ്‌പർശിച്ചെന്നും നിർബന്ധിച്ച് അർധനഗ്‌നയാക്കി റീൽസ് ചിത്രീകരിച്ചെന്നും കുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകിയിരുന്നു.
പരാതിയുടെ അടിസ്‌ഥാനത്തിൽ ഏപ്രിലിൽ മുകേഷ് നായർക്കെതിരെ പോക്‌സോ കേസ് രജിസ്‌റ്റർ ചെയ്‌തിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മുകേഷ് നായർ ഫോർട്ട് ഹൈസ്‌കൂളിൽ പ്രവേശനോൽസവത്തിൽ പങ്കെടുത്തത്. തിങ്കളാഴ്‌ച രാവിലെ തന്റെ ഫേസ്ബുക്ക് പേജിൽ പരിപാടിയുടെ നോട്ടീസ് മുകേഷ് നായർ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
അതേസമയം, മുകേഷ് വരുന്ന കാര്യം അറിയില്ലായിരുന്നെന്നും സ്‌കൂളുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് പരിപാടിക്കിടയിൽ മുകേഷിനെ കൊണ്ടുവന്നതെന്നുമാണ് പ്രധാനാധ്യാപകന്റെ പ്രതികരണം. പരിപാടി പകുതി ആയപ്പോഴാണ് മുകേഷ് അപ്രതീക്ഷിതമായി എത്തിയതെന്നും പ്രധാനാധ്യാപകൻ പറഞ്ഞു.
Most Read| ഒൻപത് മക്കൾ ഒന്നിച്ച് സ്‌കൂളിലേക്ക്; പത്തിരട്ടി സന്തോഷത്തിൽ സന്തോഷും രമ്യയും