തിരുവനന്തപുരം: സിനിമാ കോൺക്ളേവിന്റെ ഭാഗമായി രൂപീകരിച്ച നയരൂപീകരണ സമിതിയിൽ നിന്ന് എംഎൽഎയും നടനുമായ മുകേഷിനെ ഒഴിവാക്കും. ഇത് സംബന്ധിച്ച തീരുമാനം ഇന്നുണ്ടാകും. വിവാദങ്ങളുടെ പശ്‌ചാത്തലത്തിലാണ് മുകേഷ് ഒഴിയാൻ തീരുമാനിച്ചത്. ഒഴിയാൻ പാർട്ടി നിർദ്ദേശം നൽകിയെന്നും സൂചനയുണ്ട്.
സിനിമാ നയരൂപീകരണ സമിതിയിൽ ആരോപണ വിധേയനായ മുകേഷിന് അംഗത്വം നൽകിയത് വിമർശനത്തിന് ഇടയാക്കിയിരുന്നു. അതിനിടെ, സമിതിയിൽ നിന്ന് സംവിധായകൻ ബി ഉണ്ണികൃഷ്‌ണനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സംവിധായകൻ വിനയൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി.
ഷാജി എൻ കരുൺ അധ്യക്ഷനായ സമിതിയിൽ സാംസ്‌കാരിക വകുപ്പ് സെക്രട്ടറി, ചലച്ചിത്ര അക്കാദമി സെക്രട്ടറി, അഭിനേതാക്കളായ മുകേഷ്, മഞ്ജു വാര്യർ, പത്‌മപ്രിയ, നിഖില വിമൽ, സംവിധായകരായ രാജീവ് രവി, ബി ഉണ്ണികൃഷ്‌ണൻ, നിർമാതാവ് സന്തോഷ് കുരുവിള എന്നിവർ അംഗങ്ങളാണ്. എന്നാൽ, വ്യക്‌തിപരമായ അസൗകര്യം ചൂണ്ടിക്കാട്ടി മഞ്‌ജുവും രാജീവ് രവിയും പിൻമാറിയിരുന്നു.
കാസ്‌റ്റിങ് ഡയറക്‌ടർ ടെസ് ജോസഫാണ് ആദ്യം മുകേഷിനെതിരെ രംഗത്ത് വന്നത്. 19 വർഷം മുൻപ് ടിവി ഷോ പരിപാടിയുടെ അവതാരകനായിരുന്ന മുകേഷ്, ആ പരിപാടിയുടെ ഭാഗമായെത്തിയ തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു ടെസ് ജോസഫ് ആരോപിച്ചത്. ഇതിന് പിന്നാലെ നടി മിനു മുനീറും മുകേഷിനെതിരെ ആരോപണവുമായി രംഗത്തുവന്നിരുന്നു.
Most Read| 116ആം വയസിൽ ലോക മുത്തശ്ശി റെക്കോർഡ്; കൊടുമുടി കീഴടക്കിയത് രണ്ടുതവണ