തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൻ മേൽ നടന്ന നന്ദി പ്രമേയം സംബന്ധിച്ച ചർച്ചക്കിടെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള കടുത്ത ആരോപണ പ്രത്യാരോപണങ്ങൾക്കാണ് നിയമസഭ സാക്ഷിയായത്. എൽഡിഎഫ് സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ വിമർശനങ്ങൾക്ക് രൂക്ഷ ഭാഷയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകിയത്.
തദ്ദേശ തിരഞ്ഞെടുപ്പിൽ വർഗീയത പ്രചരിപ്പിക്കുകയായിരുന്നു എൽഡിഎഫ് എന്നും മുഖ്യമന്ത്രി ലീഗിനെ വർഗീയ കക്ഷിയായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണെന്നും ഉള്ള ചെന്നിത്തലയുടെ ആരോപണങ്ങളാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്.
ലീഗിനെ വിമർശിച്ചു സംസാരിച്ചാൽ അതു മുസ്‌ലിംകൾക്ക് എതിരെയാണെന്ന് പ്രതിപക്ഷം വ്യാഖ്യാനിക്കുന്നു. മുസ്‌ലിംകളുടെ അട്ടിപ്പേറ് അവകാശം ലീഗിനാരും കൊടുത്തിട്ടില്ല. ഒരു പാർട്ടിയുടെ നേതാവ് മറ്റൊരു പാർട്ടിയുടെ നേതാവ് ആരാകണമെന്ന് പറയുന്നത് തന്റെ രാഷ്‌ട്രീയ പ്രവർത്തന ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വെൽഫെയർ പാർട്ടിയെ മുല്ലപ്പള്ളി രാമചന്ദ്രന് നന്നായി അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ” വെൽഫയർ പാർട്ടിയെ കോൺഗ്രസ് ദേശീയ നേതൃത്വം തള്ളി പറയുകയാണ്. ജമാ അത്തെ ഇസ്‌ലാമിയെ കരുത്തുറ്റ മുസ്‌ലിം സംഘടനകൾ അംഗീകരിച്ചിട്ടില്ല. മതനിരപേക്ഷത ഇഷ്‌ടപ്പെടുന്നവർ അവരെ ഇഷ്‌ടപ്പെടുന്നില്ല. അപ്പോഴും വെൽഫയർ പാർട്ടിയെ എന്തിന് ലീഗ് അംഗീകരിച്ചു”.
“മതനിരപേക്ഷ പാർട്ടിയായ കോൺഗ്രസിന് ഇത് അംഗീകരിക്കാൻ കഴിയുമോ? ആഭ്യന്തര സഹമന്ത്രിയായിരുന്ന ഇപ്പോഴത്തെ കെപിസിസി അധ്യക്ഷന് വെൽഫയർ പാർട്ടി എന്താണെന്ന് നല്ലവണ്ണം അറിയാം. സംവരണേതര വിഭാഗങ്ങൾക്ക് 10% സംവരണം കൊണ്ടുവന്നപ്പോൾ അതിനെ മുസ്‌ലിം ലീഗ് എതിർത്തു. കോൺഗ്രസിന്റെ പ്രഖ്യാപിത നിലപാടിന് എതിരായിട്ടും മുസ്‌ലിം ലീഗിന് മുന്നിൽ അവർ കീഴടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
Also Read: സമന്വയ പദ്ധതിയിലൂടെ 100 ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാർഥികൾക്ക് കൂടി സ്‌കോളര്‍ഷിപ്പ്