ലാഹോർ: മുംബൈ ഭീകരാക്രമണത്തിന്റെ (26/11) മുഖ്യ സൂത്രധാരനായ ഹാഫിസ് സെയിദിന് പാക്കിസ്‌ഥാൻ കോടതി 10 വർഷം തടവ് ശിക്ഷ വിധിച്ചു. രണ്ട് കേസുകളിലായാണ് ശിക്ഷ വിധിച്ചത്. പാക് ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ ഉപവിഭാഗം ജമാഅത്ത് ഉദ്ധവയുടെ തലവനാണ് സെയിദ്.
നേരത്തെ ഈ വർഷം ഫെബ്രുവരിയിൽ സെയിദിനും കൂട്ടാളികൾക്കും പാക് കോടതി 11 വർഷത്തെ ജയിൽശിക്ഷ വിധിച്ചിരുന്നു. തീവ്രവാദ ഫണ്ടിങ്ങുമായി ബന്ധപ്പെട്ട കേസിലായിരുന്നു ശിക്ഷ വിധിച്ചത്.
ലാഹോറിലെ തീവ്രവാദ വിരുദ്ധ കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചതെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഹാഫിസിനെ കൂടാതെ മറ്റു മൂന്ന് പേരും ശിക്ഷിക്കപ്പെട്ടു. സഫർ ഇക്‌ബാൽ, യഹ്യ മുജാഹിദ് എന്നിവർക്ക് ഹാഫിസിന്റെ സമാന ശിക്ഷയാണ് ലഭിച്ചത്. ബന്ധുവും കൂട്ടാളിയുമായ അബ്‌ദു റഹ്‌മാൻ മക്കിക്ക് ആറ് മാസം തടവാണ് ലഭിച്ചത്.
ഇന്ത്യയുടെ പിടികിട്ടാ പുള്ളികളുടെ പട്ടികയിലുള്ള വ്യക്‌തിയാണ് ഹാഫിസ് സെയിദ്. 2008ൽ മുംബൈയിൽ നടന്ന ഭീകരാക്രമണം ആസൂത്രണം ചെയ്‌തത് ഇയാളാണ്. പത്ത് ഭീകരർ നടത്തിയ ആക്രമണത്തിൽ 166 പേരാണ് കൊല്ലപ്പെട്ടത്. നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
‘ആഗോള ഭീകരൻ’ എന്ന് വിളിപ്പേരുള്ള ഹാഫിസിന്റെ തലക്ക് 10 മില്യൺ യുഎസ് ഡോളറാണ് വിലയിട്ടിരിക്കുന്നത്. കഴിഞ്ഞ വർഷം ജൂലായിലാണ് ഹാഫിസ് പാക്കിസ്‌ഥാനിൽ പിടിയിലാവുന്നത്. തീവ്രവാദ ഫണ്ടിങ്ങുമായി ബന്ധപ്പെട്ട കേസിലാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്.
തീവ്രവാദത്തോടുള്ള പാക്കിസ്‌ഥാന്റെ മൃദു സമീപനം അന്താരാഷ്‌ട്ര തലത്തിൽ ചർച്ചയായതോടെ അവർ നടപടിക്ക് മുതിരുകയായിരുന്നു. ലാഹോറിലെ പ്രത്യേക സുരക്ഷാ സംവിധാനങ്ങളോട് കൂടിയ ജയിലിലാണ് ഹാഫിസിനെ പാർപ്പിച്ചിരിക്കുന്നത്.
Read Also: സ്വവര്‍ഗ വിവാഹം; കേന്ദ്ര സര്‍ക്കാരിനോട് നിലപാട് ആരാഞ്ഞ് ഡെല്‍ഹി ഹൈക്കോടതി